'ബന്ധുക്കൾക്ക് ബാറില്ല,​ ഡാൻസും പാട്ടും അറിയില്ല, അടിമക്കണ്ണാകാനുമില്ല'; പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്

Saturday 12 April 2025 12:33 PM IST

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരെ വിമർശിച്ചുകൊണ്ടുളള പോസ്റ്റ് വീണ്ടും പങ്കുവച്ച് എൻ പ്രശാന്ത് ഐഎഎസ്. തനിക്ക് ഡാൻസും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അടിമക്കണ്ണാകാൻ താൻ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലേ വിധേയനാകേണ്ടതുള്ളൂവെന്നും ഉദ്യോഗസ്ഥൻ കുറിപ്പിൽ കൂട്ടിച്ചേർത്തു. ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിനെ തുടർന്ന് പ്രശാന്ത് ഇപ്പോൾ സസ്‌പെൻഷനിലാണ്. ഇതുമായി ബന്ധപ്പെട്ടുളള ഹിയറിംഗ് റെക്കോർഡ് ചെയ്യണമെന്ന പ്രശാന്തിന്റെ ആവശ്യം സർക്കാർ തളളിയിരുന്നു. ഇപ്പോഴിതാ സർക്കാരിന്റെ നിലപാടിനെ വിമർശിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥൻ.

ഈ മാസം 16ന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തിന് ഹിയറിംഗ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ആലോചിക്കുമ്പോഴാണ് ഹിയറിംഗ് ആവശ്യപ്പെട്ടത്. വ്യക്തിപരമായ ഹിയറിംഗ് ലൈവ് സ്‌ട്രീമിംഗ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഐഎഎസ് സർവീസ് ചട്ടത്തിൽ ഇത്തരം കാര്യങ്ങൾ പറയുന്നില്ല. തെളിവ് എന്ന നിലയിൽ വീഡിയോ റെക്കോർഡിംഗ് ആവശ്യമെങ്കിലും ലൈവ് സ്‌ട്രീമിംഗ് അസാധാരണമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ, പൊതുതാൽപ്പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്റെ ന്യായീകരണം. നോട്ടീസിന് മറുപടിയായി തന്നെ കേൾക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് നിരവധി കത്തുകൾ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം തിരിച്ച് വിശദീകരണം ചോദിക്കലാണെന്നും മറുപടിയായി കണക്കാക്കാനാകില്ലെന്നുമാണ് സർക്കാർ നിലപാട്.

കുറ്റം ചെയ്‌തോ ഇല്ലയോ എന്നാണ് പ്രശാന്ത് വ്യക്തമാക്കേണ്ടതെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അടുത്തയാഴ്‌ച ഹിയറിംഗ് നടത്തുന്നത്. സസ്‌പെൻഷനെച്ചൊല്ലി ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ പരസ്യമായി വാക്‌പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നത്. കഴിഞ്ഞ നവംബറിലാണ് എൻ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്‌തത്.

പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഓൾ കേരളാ സിവിൽ സർവ്വീസ്‌ അക്കാദമി: പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാദ്ധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ്‌ അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക്‌ കാണാം. ബ്ലാക്ക്‌ ആൻഡ് വൈറ്റ്‌ വീഡിയോ ആണ്‌ നാസ പുറത്ത്‌ വിട്ടത്‌. ഒന്നും തോന്നരുത്‌.

ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ്‌ വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ്‌ ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക്‌ ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക്‌ മാത്രമാണീ ക്ലാസ്‌ ബാധകം.പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട.

ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ