തൃക്കാക്കര നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കാക്കനാട്: സ്ഥാപനത്തിന്റെ ലൈസൻസ് എടുക്കുന്നതിനുള്ള സംശയദൂരീകരണത്തിനായെത്തിയ കാക്കനാട് സ്വദേശിയിൽനിന്ന് മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പയിനിന്റെ പേര് പറഞ്ഞ് സ്പോൺസർഷിപ്പ് എന്ന വ്യാജേന കൈക്കൂലി വാങ്ങിയെന്ന് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. കെ. നിധീഷ് റോയിയെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തു. താൻ പണം കൈപ്പറ്റിയെന്നും വിവാദമായപ്പോൾ ആ പണം തിരികെ നൽകിയെന്നും പറയുന്ന വീഡിയോ ദൃശ്യങ്ങൾ നഗരസഭയിലെ കൗൺസിലർമാർ പ്രചരിപ്പിച്ചിരുന്നു. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പയിനുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ചുമതല നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ചില കൗൺസിൽമാരും ഉദ്യോഗസ്ഥരും തമ്മിൽ നടത്തുന്ന അനധികൃത പണമിടപാടിന്റെ ഇരയാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെന്നും ആക്ഷേപമുണ്ട്.