അക്ഷരങ്ങൾ തേടി കുട്ടിക്കൂട്ടം

Saturday 12 April 2025 4:29 PM IST

കൊച്ചി: അവധിക്കാലം വായനക്കാലമാക്കി ആഘോഷിക്കുകയാണ് കുട്ടിക്കൂട്ടങ്ങൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുട്ടിവായനക്കാരുടെ എണ്ണം വർദ്ധിച്ചതായി ലൈബ്രറേറിയൻമാരും സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളിൽ വായനാശീലം കൂടിയതോടെ പുസ്തക അലമാരകളും കാലിയായിത്തുടങ്ങി.

ഡിജിറ്റൽ ലോകത്തുനിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനായി രക്ഷകർത്താക്കൾ തന്നെയാണ് അവരെ വായനയിലേക്ക് കൈപിടിക്കുന്നത്. കുട്ടികളിലെ ഈ മാറ്റം നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും അടിവരയിടുന്നു.

കൊവിഡ് കാലം മുതൽ കുട്ടികളിൽ സ്ക്രീൻ സമയം കൂടിയിട്ടുണ്ട്. ഇത് കുട്ടികളിലെ അക്രമവാസന കൂട്ടുകയും പഠനവൈകല്യത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. പുസ്തകം വായിക്കുന്നതിലൂടെ കുട്ടികൾ ക്രിയാത്മകമായി ചിന്തിക്കുകയും ചെയ്യും.

 അംഗത്വത്തിൽ വർദ്ധന

പല വായനശാലകളിലും അംഗത്വം എടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അംഗത്വം എടുക്കുന്ന അഞ്ചുപേരിൽ മൂന്നുപേർ കുട്ടികളാണ്. കുട്ടികൾക്ക് അംഗത്വം എടുക്കാൻ കഴിയാത്തയിടങ്ങളിൽ മാതാപിതാക്കളുടെ അംഗത്വത്തിലൂടെ പുസ്തകങ്ങൾ എടുക്കുന്നവരുമുണ്ട്.

ആറു മുതൽ 15 വയസുവരെയുള്ള കുട്ടികളാണ് കൂടുതലായി എത്തുന്നത്. ഒരാഴ്ച 100-ൽ അധികം പുസ്തകങ്ങൾ പോകുന്ന ലൈബ്രറികളുണ്ട്.

 ഇംഗ്ലീഷിനും പ്രിയം

മലയാളം പുസ്തകങ്ങളാണ് കുട്ടികൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇംഗ്ലീഷ് പുസ്തകങ്ങൾ എടുക്കുന്നവരും കുറവല്ല. ബാലകഥകൾ, നോവലുകൾ, മിസ്റ്ററി ബുക്കുകൾ എന്നിവയാണ് കുട്ടികൾ കൂടുതൽ വാങ്ങുന്നത്.

പഴയ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് തന്നെയാണ് ആവശ്യക്കാർ കൂടുതൽ. വൈക്കം മുഹമ്മദ് ബഷീർ, സുമംഗല, സുധാ മൂർത്തി, എം.ടി. വാസുദേവൻ നായർ എന്നിവരുടെ ബുക്കുകൾക്കാണ് കുട്ടി ആരാധകർ ഏറെ. പുസ്തകങ്ങൾ വായിച്ച് അതിന്റെ ആസ്വാദനം എഴുതുന്നവരുമുണ്ട്. അവധിക്കാലത്തെ ഡിജിറ്റൽ അടിമത്തം കുറയ്ക്കാൻ കുട്ടികൾക്കായി പ്രത്യേക പദ്ധതികൾ സ്കൂളുകളുടെ നേതൃത്വത്തിലും നടത്തുന്നുണ്ട്.

അവധിക്കാലത്ത് വായനാക്കളരിയിലൂടെ മലയാളം പഠിക്കാം വായനയെ വരവേൽക്കാം പദ്ധതി എല്ലാ ലൈബ്രറികളിലും നടക്കുന്നുണ്ട്. കുട്ടികൾക്കായി പുസ്തകവായന, ചർച്ച എന്നിവ ഭാഗമാണ്. മലയാള ഭാഷ പ്രാവീണ്യം നേടാൻ മലയാള അദ്ധ്യാപകരെ ഉൾപ്പെടുത്തിയുള്ള ക്ലാസുകളുമുണ്ട്.

വി.കെ. മധു

സെക്രട്ടറി

ലൈബ്രറി കൗൺസിൽ

ഡിജിറ്റൽ അടിമത്തം കുട്ടികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശ്രദ്ധകുറവ്, ഉറക്കമില്ലായ്മ, വിഷാദം എന്നിവ കുട്ടികളിൽ കണ്ടുവരുന്നു. വായന കുട്ടികളിലെ സർഗാത്മകത വർദ്ധിപ്പിക്കും. കായിക വിനോദത്തിനും കുട്ടികളെ രക്ഷകർത്താക്കൾ വിടണം.

അരുൺ ബി. നായർ

പ്രൊഫസർ സൈക്യാട്രിക് വിഭാഗം

മെഡി. കോളേജ് തിരുവനന്തപുരം