പ്രാർത്ഥനാ നിറവിൽ ഇന്ന് ഓശാന തിരുനാൾ

Sunday 13 April 2025 12:39 AM IST

കൊച്ചി: പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും നിറവിൽ ക്രൈസ്തവർ ഇന്ന് ഓശാന തിരുനാൾ ആഘോഷിക്കും. ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷകളിലും പ്രാർത്ഥനയിലും കുരുത്തോല പ്രദക്ഷിണത്തിലും വിശ്വാസികൾ അണിനിരക്കും.

ഈസ്റ്ററിന് മുമ്പത്തെ ഞായറാഴ്ചയാണ് കുരുത്തോല തിരുനാൾ എന്നറിയപ്പെടുന്ന ഓശാന ഞായർ. കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് യേശു കഴുതപ്പുറത്ത് ജറുസലേമിലെത്തിയതിന്റെ ഓർമ്മ പുതുക്കലാണിത്.

ഒലിവിലകളും ഈന്തപ്പനയോലകളും വീശി ദാവീദിൻ പുത്രന് ഓശാന, ഓശാനയെന്ന് പാടി ജനങ്ങൾ വരവേറ്റതിന്റെ സ്മരണയിലാണ് കുരുത്തോല പ്രദക്ഷിണം.

ലത്തീൻ കത്തോലിക്കാ ദേവാലയമായ എറണാകുളം ബാനർജി റോഡിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ രാവിലെ ഏഴിന് ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും.

സിറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഇടപ്പള്ളി തോപ്പിൽ മേരി ക്വീൻ പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 6.30-നാണ് ചടങ്ങുകൾ ആരംഭിക്കുക.

 ബസലിക്കയിൽ ശുശ്രൂഷയില്ല

സിറോമലബാർ സഭയുടെ അതിരൂപതാ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ ഇക്കുറിയും വിശുദ്ധവാര ശുശ്രൂഷകളില്ല. കുർബാനത്തർക്കത്തിൽ വിശ്വാസികൾ ചേരിതിരിഞ്ഞ ബസിലിക്കയിൽ ശുശ്രൂഷകൾ നടത്തുന്നത് കോടതി വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് നിശബ്ദമായും വ്യക്തിപരമായും പ്രാർത്ഥിക്കാൻ പള്ളി തുറന്നു നൽകുമെന്ന് അതിരൂപതാ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി അറിയിച്ചു.

കത്തീഡ്രലിലെ ശുശ്രൂഷകൾ സെന്റ് മേരീസ് കോൺവെന്റിൽ നടത്തുമെന്ന് വികാരി ഫാ. വർഗീസ് മണവാളൻ അറിയിച്ചു. രാവിലെ ഏഴിന് ഉയർപ്പിന്റെ കർമ്മങ്ങൾക്കുശേഷം കുർബാനയും അർപ്പിക്കും.