വിഷുവിന് പുത്തൻ നോട്ട് കൂടിയേ തീരൂ
കൊച്ചി: വിഷുവെത്തിയതോടെ ബാങ്കുകളിൽ പുത്തൻ നോട്ടുകൾക്കും നാണയത്തുട്ടുകൾക്കും ആവശ്യക്കാരേറെ. കൈനീട്ടത്തിന് പുതുമണം മാറാത്ത നോട്ടുകൾ ബാങ്കുകളിൽ നിന്ന് വാങ്ങാനായിരുന്നു തിരക്ക്. ശനിയും ഞായറും അവധിയായതിനാൽ ദിവസങ്ങൾക്ക് മുമ്പേ ബാങ്കുകളിൽ ആവശ്യക്കാരെത്തി.
ഒന്ന്, 10, 20, 50, 100, 200, 500 രൂപ നോട്ടുകളാണ് വിഷു പ്രമാണിച്ച് ബാങ്കുകളിലെത്തിയത്. 10, 20, 50, 100 രൂപ നോട്ടുകൾക്കാണ് ആവശ്യക്കാരേറെയും. ഒരു രൂപയുടെ നോട്ടുകെട്ട് വാങ്ങാനും ധാരാളം പേരെത്തി. ഒരു രൂപ നോട്ടുകൾ ഇല്ലായിരുന്നെങ്കിലും വിഷു പ്രമാണിച്ച് ഇറക്കിയതാണ്.
നാണയം കിട്ടാക്കനി
ഒന്ന്, അഞ്ച്, പത്ത് എന്നീ നാണയത്തുട്ടുകൾ ബാങ്കുകളിൽ എത്തിയത് കുറവായിരുന്നു. പത്തിന്റെ തുട്ടുകൾക്കായിരുന്നു ക്ഷാമമേറെയും. 20 രൂപയുടെ നാണയം റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നെങ്കിലും ഇത്തവണ ലഭ്യമല്ല.
കൊമ്മൊമ്മറേറ്റീവ് കൊയിൻ എന്ന വിഭാഗത്തിൽപ്പെടുന്നതായതിനാൽ കൊയിൻ മിന്റുകൾ മുഖേനയാകും ഇത് ലഭ്യമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ലഭിക്കില്ല.
മുൻ വർഷങ്ങളിൽ വിഷുവിന് മുമ്പേ റിസർവ് ബാങ്ക് കൊച്ചി ശാഖയിൽ പുത്തൻ നോട്ടുകളും നാണയത്തുട്ടുകളും മാറ്റിവാങ്ങാൻ സൗകര്യമൊരുക്കിയിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ സൗകര്യമുണ്ട്. രാവിലെ 10 മുതൽ രണ്ടു വരെയാണ് നോട്ടുകളും നാണയങ്ങളും വാങ്ങാനാവുക.