ഇൻഫോപാർക്ക് സന്ദർശനം
Saturday 12 April 2025 6:14 PM IST
കൊച്ചി: ഇൻഫോപാർക്കിലെ ഐ.ടി സ്ഥാപനങ്ങളിലെ കാഴ്‌ചകളിൽ ആദ്യം കൗതുകം. പിന്നീട്, ചിരിയും കളിയും കലാപരിപാടികളുമായി ഓട്ടിസം ബാധിതരായ കുട്ടികൾ ടെക്കികളുടെ മനംകവർന്നു. ലോക ഓട്ടിസം അവബോധദിനത്തിന്റെ ഭാഗമായാണ് ഐ.ടി കമ്പനിയായ ഡിബിസാണ് പാലാരിവട്ടം നവജീവൻ സ്‌കൂൾ ഫോർ സ്‌പെഷ്യൽ നീഡ്‌സിലെ കുട്ടികൾക്ക് ഇൻഫോപാർക്ക് സന്ദർശനം ഒരുക്കിയത്. 25 കുട്ടികളെ ഇൻഫോപാർക്കിലും സ്മാർട്ട്‌സിറ്റിയിലും കമ്പനികളിൽ കൂട്ടിക്കൊണ്ടുപോയി. കാർണിവൽ പാർക്കിൽ കുട്ടികൾ കലാപരിപാടികളും അവതരിപ്പിച്ചു. രണ്ടുമണിക്കൂർ ഇൻഫോപാർക്കിൽ ചെലവഴിച്ചാണ് കുട്ടികൾ മടങ്ങിയത്. പ്രത്യേക പരിഗണന വേണ്ട കുട്ടികളെ സമൂഹം അംഗീകരിക്കണമെന്ന ബോധവത്കരണം ലക്ഷ്യമിട്ടാണ് സന്ദർശനം ഒരുക്കിയതെന്ന് ഡിബിസ് ഡയറക്‌ടർ വിനു പീറ്റർ പറഞ്ഞു.