സ്കൈ പദ്ധതി : 1200 ഓളം പേർക്ക് ജോലി: മന്ത്രി പി. രാജീവ്
കൊച്ചി: സ്കൈ പദ്ധതിയിലൂടെ 1200 ഓളം പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതായി മന്ത്രി പി. രാജീവ് പറഞ്ഞു. സ്‌കിലിംഗ് കളമശ്ശേരി യൂത്ത് (സ്‌കൈ) ഭാഗമായി സംഘടിപ്പിച്ച നാലാമത് തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിനും പകൽ വീട് നിർമ്മാണത്തിനുമായി 25 ലക്ഷം രൂപ കൈമാറി. വർക്ക് നിയർ ഹോമിനുള്ള സംവിധാനങ്ങളുമായി. കൊച്ചി സർവകലാശയിൽ സ്ഥാപിക്കുന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് ഹബ്, കെ-ഡിസ്‌ക് മുഖാന്തരം സ്ഥാപിക്കുന്ന ജില്ലാ സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ, ഗവൺമെന്റ് പോളി ടെക്‌നിക് കോളേജിൽ തുടങ്ങുന്ന ജോബ് സ്റ്റേഷൻ, വിവിധ കമ്പനികൾ എന്നിവ മുഖേന നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു .
300 ഓളം പേർ പങ്കെടുത്ത തൊഴിൽമേളയിൽ 2500ൽ അധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടന്നത്.
ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ-ഡിസ്‌ക് അംഗം സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, വൈസ് പ്രസിഡന്റ് ലത പുരുഷൻ, കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പാറപ്പിള്ളി, രവീന്ദ്രൻ, ജില്ലാ യുവജന സമിതി കോഓഓർഡിനേറ്റർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.