ഗുരുവായൂരിലെ മുതിർന്ന ആന നന്ദിനി ചരിഞ്ഞു
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ മുതിർന്ന ആന നന്ദിനി ചരിഞ്ഞു. 65 വയസായിരുന്നു. പാദരോഗം മൂർച്ഛിച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു നന്ദിനി. ഇന്ന് ഉച്ചയ്ക്ക് 2.45നായിരുന്നു അന്ത്യം. 1964 മേയ് ഒമ്പതിന് നിലമ്പൂർ സ്വദേശി പള്ളിയാലിൽ നാരായണൻ നായരാണ് നന്ദിനിയെ ഗുരുവായൂരപ്പന് നടയിരുത്തിയത്. ആനത്താവളം ആരംഭിച്ച കാലം മുതൽ ഇവിടെയുണ്ടായിരുന്ന 22 ആനകളിൽ ഒന്നായിരുന്നു നന്ദിനി.
ചെറുപ്പം മുതലേ ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട് തുടങ്ങിയ പ്രധാന ഉത്സവങ്ങളുടെയെല്ലാം തിടമ്പേറ്റിയിരുന്നത് നന്ദിനിയായിരുന്നു. സമീപപ്രദേശങ്ങളിലെ അർദ്ധനാരീശ്വര ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളിലും നന്ദിനി സജീവമായിരുന്നു. പാദരോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി നന്ദിനി ആനത്താവളത്തിന് പുറത്തേക്ക് പോയിരുന്നില്ല.
രോഗം വഷളാകാതിരിക്കാൻ നാല് വർഷം മുൻപ് കൊട്ടുംതറയിൽ റബ്ബർ മെത്ത വിരിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആറാട്ട് ദിവസമായ മാർച്ച് 19നാണ് നന്ദിനി തളർന്നുവീണത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകി വരികയായിരുന്നു. ആഴ്ചകളായി തീറ്റയെടുക്കാത്ത അവസ്ഥിലായിരുന്നു നന്ദിനി.
നന്ദിനിയുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി ഭക്തർ ആനത്താവളത്തിലേക്ക് എത്തി. ഗുരുവായൂരപ്പന് ചാർത്തിയ മഞ്ഞപ്പട്ട് പുതപ്പിച്ച് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ശേഷം ജഡം ലോറിയിൽ കോടനാട്ടേക്ക് കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം നാളെ രാവിലെ ഏഴ് മണിയോടെ കോടനാട് വനത്തിൽ സംസ്കരിക്കും.