തയ്യലിൽ അപാകത; കടയ്ക്ക് 12,350 രൂപ പിഴ
കൊച്ചി: നിർദ്ദേശിച്ച പ്രകാരം ഷർട്ട് തയ്ച്ച് നൽകാത്ത ടെയ്‌ലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി എന്നയാൾ കൊച്ചിയിലെ സി ഫൈൻസ് ജെന്റ്‌സ് ആൻഡ് ലേഡീസ് ടെയ്‌ലറിംഗ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
2023 ആഗസ്റ്റിൽ ഷർട്ടിന്റെ അളവ് നൽകി പുതിയ ഷർട്ട് തയ്ക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ ഷർട്ട് തയ്ച്ചത് ചേരാത്ത തരത്തിലായിരുന്നുവെന്നും അത് ഉപയോഗിക്കാൻ കഴിയില്ലായിരുന്നുവെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു.
ഷർട്ട് ശരിയാക്കി നൽകണമെന്നാവശ്യപ്പെട്ട് 2024 ജനുവരിയിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അയച്ച നോട്ടീസിനും മറുപടി ലഭിച്ചില്ല. ഇതേത്തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
വാഗ്ദാനം ചെയ്തതുപോലെ സേവനം നൽകുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയതായി അഡ്വ. ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
ഷർട്ടിന്റെ തയ്യൽ ചാർജായി നൽകിയ 550 രൂപയും തുണിയുടെ വിലയായ 1,800 രൂപയും, മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരമായി 5,000 രൂപയും, കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെ 12,350 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.