യുപിഐയ്ക്ക് പിന്നാലെ വാട്സാപ്പും പണിമുടക്കി; വ്യാപക പരാതി

Saturday 12 April 2025 9:11 PM IST

തിരുവനന്തപുരം: മെറ്റയുടെ പ്രധാന മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പിന് സാങ്കേതിക തകരാർ ഉള്ളതായി റിപ്പോർട്ട്. ആഗോളതലത്തിൽ തകരാർ നേരിടുന്നുവെന്നാണ് വിവരം. വാട്സാപ്പിൽ പലർക്കും സ്റ്റാറ്റസുകൾ ഇടനോ ഗ്രൂപ്പുകളിൽ മെസേജുകൾ അയക്കാനോ കഴിയുന്നില്ല. ഔട്ടേജ് ട്രാക്കിംഗ് ഡൗൺ ഡിറ്റക്ടർ പ്രകാരം ഇന്ത്യയിൽ രാത്രി 8.10 മുതലാണ് പ്രശ്നം ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലും സമാന പ്രശ്നം നേരിട്ടിരുന്നു. വാട്സാപ്പിലൂടെ സന്ദേശങ്ങൾ കെെമാറാൻ ആയിരുന്നു അന്ന് ബുദ്ധിമുട്ട്. സാങ്കേതിക തകരാറിനെ കുറിച്ച് വാട്സാപ്പ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ വ്യാപക പരാതി ഉയരുന്നുണ്ട്.

രാജ്യത്ത് ഇന്ന് പകൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വാട്സാപ്പിലും സാങ്കേതിക പ്രശ്നം നേരിടുന്നത്. യുപിഐ ആപ്പുകൾ പ്രവ‌ർത്തനരഹിതമായതോടെ ഓൺലെെൻ പണമിടപാടുകൾ താറുമാറായി. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയവ വഴി പണം കെെമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. തകരാറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടറും ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസം നേരിടുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യുപിഐ സേവനങ്ങൾക്ക് തടസമുണ്ടായത്. ഈ സമയത്ത് പേടിഎം, ഫോൺപേ, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് യുപിഐ പേയ്‌മെന്റുകൾ നടത്താൻ കഴിഞ്ഞില്ല. ഇതോടെ ചില ഉപയോക്താക്കൾ ഈ വിവരം സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തു. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.