സ്വർണം ഹാൾ മാർക്കിംഗിന് രജത ജൂബിലി
കൊച്ചി: രാജ്യത്ത് സ്വർണാഭരണങ്ങളുടെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാൾമാർക്കിംഗ് നിലവിൽ വന്നിട്ട് 25 വർഷം.
2000 ഏപ്രിൽ 11നാണ് ആദ്യമായി ഹാൾമാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. 2023 ഏപ്രിൽ ഒന്ന് മുതൽ ഹാൾമാർക്കിംഗ് എച്ച്.യു.ഐ.ഡി എന്ന പുതിയ രീതി അവതരിപ്പിച്ചു.
ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം ജുവലറികൾ ഹാൾ മാർക്കിംഗ് ലൈസൻസ് എടുത്തിട്ടുണ്ട്. ഇതിൽ ഏഴായിരത്തിലധികം ജുവലറികൾ കേരളത്തിലാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ ചൂണ്ടിക്കാട്ടി. കേരളം മാത്രമാണ് സമ്പൂർണ്ണ ഹാൾ മാർക്കിംഗ് സംസ്ഥാനം. എല്ലാ ജില്ലകളിലും സെന്ററുകൾ ഉണ്ട്. രാജ്യത്ത് 377 ജില്ലകളിൽ മാത്രമാണ് ഇപ്പോൾ ഹാൾ മാർക്കിംഗ് നിർബന്ധമായിട്ടുള്ളത്. ഇത് വരെ 60 കോടിയോളം സ്വർണാഭരണങ്ങളിൽ ഹാൾ മാർക്കിംഗ് എച്ച്.യു.ഐ.ഡി മുദ്ര രേഖപ്പെടുത്തി. രാജ്യത്ത് ആദ്യമായി ഹാൾമാർക്കിംഗ് ലൈസൻസ് എടുത്തത് കണ്ണൂർ ജില്ലയിലെ കുഞ്ഞിക്കണ്ണൻ ജുവലറിയാണ്.