ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നു
Sunday 13 April 2025 12:55 AM IST
കൊച്ചി: റിസർവ് ബാങ്ക് ധന നയത്തിൽ റിപ്പോ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചതിന് ചുവടുപിടിച്ച് ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നു. കഴിഞ്ഞ ദിവസത്തെ ധന നയത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനമാണ് കുറച്ചത്. ഇന്നലെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ വിവിധ കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശ കുറച്ചു. നാളെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാകും. ഇതോടൊപ്പം 400 ദിവസത്തേക്ക് 7.3 ശതമാനം പലിശ നൽകിയിരുന്ന പ്രത്യേക നിക്ഷേപ പദ്ധതി ബാങ്ക് ഒഫ് ഇന്ത്യ നിറുത്തലാക്കി. 91 മുതൽ 179 ദിവസം വരെ കാലാവധിയുള്ള മൂന്ന് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാൽ ശതമാനം കുറച്ച് 4.25 ശതമാനമാക്കി. മറ്റു ബാങ്കുകളും വരും ദിവസങ്ങളിൽ നിക്ഷേപങ്ങളുടെ പലിശ കുറച്ചേക്കും.