ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. സാമിർ വി. കാമത്ത് കെൽട്രോണിൽ
പ്രതിരോധ നിർമ്മാണ കരാറുകൾ കൂടുതൽ ലഭ്യമാക്കും
കൊച്ചി: പ്രതിരോധ ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാണ രംഗത്തെ പ്രമുഖനും പ്രതിരോധ ഗവേഷണ, വികസന ഓർഗനൈസേഷൻ(ഡി.ആർ.ഡി.ഒ) ചെയർമാനുമായ ഡോ. സാമിർ വി. കാമത്ത് കേരളത്തിലെ പ്രമുഖ പൊതുമേഖല കമ്പനിയായ കെൽട്രോൺ സന്ദർശിച്ചു. പ്രതിരോധ മേഖലയിലെ മുൻനിര ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നാവികസേനയ്ക്കായി കെൽട്രോൺ തദ്ദേശീയമായി നിർമ്മിക്കുന്ന ഉത്‌പന്നങ്ങളെക്കുറിച്ചും എൻ.പി.ഒ.എൽ, എൻ.എസ്.ടി.എൽ എന്നിവയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമ്മിക്കുന്ന ഉത്‌പന്നങ്ങളെ കുറിച്ചും സംഘം ചർച്ച നടത്തി. കൊച്ചി എൻ.പി.ഒ.എൽ, എൻ.എസ്.ടി.എൽ വിശാഖപട്ടണം തുടങ്ങിയവയുടെ സാങ്കേതിക സഹായത്തോടെ
സമുദ്രാന്തര സംവിധാനങ്ങൾ ഇന്ത്യൻ നേവിയ്ക്ക് നിർമ്മിച്ചു നൽകുന്നതിലെ കെൽട്രോണിന്റെ സാങ്കേതിക മികവും പരിജ്ഞാനവും മികച്ചതാണെന്ന് അവർ പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ 170 കോടി രൂപയുടെ ഉത്പന്നങ്ങൾ പ്രതിരോധ മേഖലയ്ക്ക് നിർമ്മിച്ചു നൽകാൻ കരാർ നേടാനായത് ഡി.ആർ.ഡി.ഒയുടെ പിൻബലത്തിലാണ്.
പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിലെ കെൽട്രോണിന്റെ സാങ്കേതിക മികവും പരിചയ സമ്പത്തും പൂർണമായും വിലയിരുത്തി കൂടുതൽ കരാറുകൾ ലഭ്യമാക്കുമെന്ന് ഡോ. സാമിർ വി. കാമത്ത് പറഞ്ഞു. മാനേജിംഗ് ഡയറക്ടർ ശ്രീകുമാരൻ നായർ പദ്ധതികളുടെ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. കെൽട്രോൺ ചെയർമാൻ നാരായണമൂർത്തിയും സന്നിഹിതനായിരുന്നു.