വിമുക്തി മിഷൻ കോ- ഓ‌ർഡിനേറ്റർ: കരാർ പുതുക്കി സർക്കാർ, നടപടി കേരളകൗമുദി വാർത്തയെത്തുടർന്ന്

Sunday 13 April 2025 4:33 AM IST

തൊടുപുഴ: എക്‌സൈസിന്റെ വിമുക്തി മിഷന് കീഴിലുള്ള കോ- ഓർഡിനേറ്റർമാരുടെ കരാർ പുതുക്കി സർക്കാർ. വിമുക്തി മിഷന്റെ പ്രവർത്തനം കോ- ഓർഡിനേറ്റർമാരുടെ അഭാവത്തിൽ നിലച്ചെന്ന കേരള കൗമുദി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. കരാറടിസ്ഥാനത്തിലാണ് കോ- ഓർഡിനേറ്റർമാരുടെ നിയമനം. കഴിഞ്ഞ ഫെബ്രുവരി ഏഴിന് കരാർ അവസാനിച്ചു. രണ്ട് മാസം പിന്നിട്ടിട്ടും പുതുക്കിയില്ല. എക്‌സൈസ് വകുപ്പ് രണ്ട് തവണ ശുപാർശ നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിഷയം കേരള കൗമുദി എട്ടിന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അന്നുതന്നെ ഫെബ്രുവരി എട്ട് മുതൽ ഒരു വർഷത്തേക്ക് കരാർ നീട്ടി നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി എം.വി. പ്രമോദ് ഉത്തരവിറക്കി. ഒപ്പം ജില്ലകളിലെ വിമുക്തി മാനേജരുടെ ചുമതലയുള്ള അസി. എക്‌സൈസ് കമ്മിഷണറുടെ ഡെപ്യൂട്ടേഷൻ കാലാവധിയും ഒരു വർഷത്തേക്ക് നീട്ടി. 2022ലാണ് സർക്കാർ വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നത്. എം.എസ്.ഡബ്ല്യുവോ സോഷ്യോളജിയിൽ പി.ജിയോ കഴിഞ്ഞവരെയാണ് നിയമിക്കുക. മാസം 50,​000 രൂപയാണ് ഓണറേറിയം. വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തുക, വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ലഹരിക്കടിമകളായവരെ ഡീ അഡിക്ഷൻ സെന്ററുകളിലെത്തിക്കുക തുടങ്ങിയവയാണ് ചുമതല.