മന്ത്രിയുടെ വാക്കും വെറുംവാക്കായി, സുബല ഇപ്പോഴും തടവറയിൽ!
പത്തനംതിട്ട : മൂന്ന് മാസത്തിനുള്ളിൽ സുബല പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തീകരിക്കുമെന്ന് ഉറച്ച സ്വരത്തിൽ പ്രഖ്യാപനം നടത്തി പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു മടങ്ങിയിട്ട് ആറ് മാസമായി. മന്ത്രി മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇപ്പോഴും നാട്ടുകാരുടെ ചെവിയിലുണ്ട്. സുബലയ്ക്ക് പുതു ജീവൻ വയ്ക്കുമെന്ന പ്രതീക്ഷിച്ചവർ നിരാശയിലാണിപ്പോൾ.
താഴിട്ട് പൂട്ടിയ പഴകി ദ്രവിച്ച ഇരുമ്പ് ഗേറ്റിനുള്ളിൽ കാടുമൂടി ഭാർഗവീനിലയം പോലെ നിലകൊള്ളുകയാണ് ഇപ്പോഴും സുബല പാർക്ക്. കഴിഞ്ഞ സെപ്തംബറിലാണ് മന്ത്രി ഒ.ആർ.കേളു ജില്ല സന്ദർശിച്ച് മടങ്ങിയത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി പത്തനംതിട്ട സുബല പാർക്ക് അവഗണനയിലാണ്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.
സുരക്ഷയ്ക്ക് 50 ലക്ഷം
ഒരുവർഷം മുമ്പാണ് സുബലപാർക്കിലെ ഫർണിച്ചറിനും സി.സി.ടി.വിയ്ക്കും സെക്യുരിറ്റിയെ നിയമിക്കാനുമായി 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പട്ടികജാതി വകുപ്പ് തയ്യാറാക്കി സർക്കാരിന് നൽകിയത്. ഇതുവരെ ഫണ്ട് ലഭിച്ചിട്ടില്ല. സുബലപാർക്കിനുള്ളിലെ കുളത്തിനും അതിന്റെ നവീകരണങ്ങൾക്കുമായി പത്തനംതിട്ട നഗരസഭ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണവും നടന്നില്ല.
ഒന്നാംഘട്ടം 90 ശതമാനം പൂർത്തിയായി
2021ൽ സുബലാ പാർക്കിന്റെ ഒന്നാംഘട്ട പണികൾ 90ശതമാനം പൂർത്തിയാക്കി തുറന്നു നൽകിയെങ്കിലും അധികം താമസിയാതെ വീണ്ടും അടച്ചു. പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും ഓഡിറ്റോറിയം ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പദ്ധതിയിൽ ഉൾപ്പെടുന്നത്
ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ.
4.5 കോടിയുടെ പദ്ധതി,
3 ഘട്ടങ്ങളായി നിർമ്മാണം,
2021ൽ ഒന്നാംഘട്ടം 90 ശതമാനം പൂർത്തിയായി
2.94 കോടി ചെലവഴിച്ചു
പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാണ് സുബലാ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. ഏറെ പ്രതീക്ഷ നൽകിയ പദ്ധതി അധികൃതരുടെ അലംഭാവം മൂലം ഒന്നാം ഘട്ടത്തിൽ തന്നെ നിലച്ചു.