വൻകിട സോളാർ പദ്ധതികൾക്ക് കെ.എസ്.ഇ.ബി പ്രൊജക്ട് ബാങ്ക് #സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി
തിരുവനന്തപുരം: സ്വകാര്യ സഹകരണത്തോടെ വൻകിട സോളാർ പദ്ധതികൾ നടപ്പാക്കാൻ സോളാർ പ്രൊജക്ട് ബാങ്കുമായി കെ.എസ്.ഇ.ബി. രാജ്യത്ത് ആദ്യമായാണിത്.
സൗരോർജ്ജ ഉൽപാദനം വൻതോതിൽ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
ബിൽഡ്,ഓൺ, ഓപറേറ്റ് മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക. കരാർ കാലാവധി കഴിയുമ്പോൾ പദ്ധതി കെ.എസ്.ഇ.ബിക്ക് നൽകണം. വൈദ്യുതി നിശ്ചിത നിരക്കിൽ കെ.എസ്.ഇ.ബി വാങ്ങും. വില നിർണ്ണയിക്കുന്നത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ആയിരിക്കും.
സോളാർ പ്ളാന്റ് സ്ഥാപിക്കാനാകുന്ന സ്ഥലങ്ങൾ, ഉത്പാദന സാദ്ധ്യത, പ്രദേശത്തിന്റെ വിസ്തൃതി, നിക്ഷേപമൂല്യം, കരാർ വ്യവസ്ഥകൾ,തുടങ്ങിയ ഉൾപ്പെടുത്തിയാണ് പ്രൊജക്ട് ബാങ്ക് ഉണ്ടാക്കുക. ടെണ്ടർ വിളിച്ചോ, നിക്ഷേപ സംഗമങ്ങൾ നടത്തിയോ സംരംഭകരെ ആകർഷിക്കും.
ജില്ലാ,സംസ്ഥാന തലങ്ങളിൽ രൂപീകരിക്കുന്ന ഉന്നത തലസമിതികളാണ് പ്രൊജക്ട് ബാങ്ക് കൈകാര്യം ചെയ്യുക. പദ്ധതികൾക്ക് അപേക്ഷ സ്വീകരിക്കുക,കരാറുകാരുടെ യോഗ്യത നിർണ്ണയിക്കുക. പദ്ധതിക്ക് അനുമതി നൽകാൻ ശുപാർശ ചെയ്യുക എന്നിവയാണിവരുടെ അധികാരങ്ങൾ.
ടെണ്ടർ ഉൾപ്പെടെയുളള നടപടികൾ സുതാര്യമാക്കുന്നതിന് കേന്ദ്രീകൃത പോർട്ടൽ ഉപയോഗിച്ചായിരിക്കും പദ്ധതികൾ കൈമാറുക. പദ്ധതി സാദ്ധ്യത വിലിയരുത്തിയശേഷം കെ.എസ്.ഇ.ബിയുടെയും ഇറിഗേഷൻ വകുപ്പിന്റേയും പരിപൂർണ അനുമതിയോടെയും വ്യവസ്ഥകളോടെയും ആയിരിക്കും ഒരു സൈറ്റിനെ പ്രൊജക്ട് ബാങ്കിൽ ഉൾപ്പെടുത്തുക.
കെ.എസ്.ഇ.ബിയും ഇറിഗേഷൻ
വകുപ്പും കൈകോർക്കും
രണ്ടു മേഖലകളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
കെ.എസ്.ഇ.ബിയുടേയും ജലസേചന വകുപ്പിന്റേയും അധീനതയിലുള്ള അണക്കെട്ടുകളാണ് ഒരു മേഖല.ഇവിടെ 5000 മെഗാവാട്ട് ആണ് സൗരോർജ്ജ ഉൽപാദന ശേഷി.
കായലുകൾ, ഉപയോഗശൂന്യമായ നെൽപാടങ്ങൾ,മണ്ണിനും മറ്റ് ഖനനങ്ങൾക്കുമായി കുഴിച്ച ജലാശയങ്ങൾ എന്നിവിടങ്ങളാണ് രണ്ടാമത്തെ മേഖല.ഇവിടെ 1500 മെഗാവാട്ട് ആണ് സൗരോർജ്ജശേഷി. വൻകിട സ്വകാര്യഭൂമിയും ഉടമകൾക്ക് താൽപര്യമുണ്ടെങ്കിൽ സോളാർ പ്രൊജക്ട് ബാങ്കിന് കൈമാറാം.
30 വർഷത്തേക്ക് കരാർ
30 വർഷത്തേക്കാണ് കരാർ നൽകുക. ആദ്യപത്തുവർഷം സ്ഥലത്തിന് ഏക്കറിന് ഒരു രൂപാനിരക്കിലും പിന്നത്തെ പത്തുവർഷം ആയിരം രൂപ നിരക്കിലും പിന്നത്തെ പത്തുവർഷം 2000 രൂപ നിരക്കിലും പാട്ടം ഈടാക്കും.പദ്ധതി കമ്മിഷൻ ചെയ്യുന്ന തീയതി മുതലായിരിക്കും പാട്ടം കണക്കാക്കുക. 25വർഷത്തേക്ക് കരാറെടുക്കുന്നവർക്ക് ഭൂമിയിൽ കൈവശാവകാശം ഉണ്ടായിരിക്കും.