3000 കേന്ദ്രങ്ങളിൽ സി.പി.എം ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

Sunday 13 April 2025 12:32 AM IST

പത്തനംതിട്ട : സി.പി.എം നേതൃത്വത്തിൽ മൂവായിരം കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. വാർഡ്‌ തലത്തിൽ ഒരു വാർഡിൽ മൂന്ന്‌ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. നൂറ്‌ വീടിന്‌ ഒരു കേന്ദ്രമെന്ന നിലയിലാണ്‌ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിയത്‌. യുവതീ യുവാക്കളും കുട്ടികളും വീട്ടമ്മമാരും വൃദ്ധരും അടക്കം കക്ഷി രാഷ്‌ട്രീയത്തിന്‌ അതീതമായി നൂറ്‌ കണക്കിനാളുകളാണ്‌ ഒരോ കേന്ദ്രങ്ങളിലും പങ്കെടുത്തത്‌. വീട്ടുമുറ്റങ്ങളിൽ നടന്ന പരിപാടി ഒരു സാമൂഹ്യ കൂട്ടായ്‌മ കൂടിയായി. ജില്ലാ ഉദ്‌ഘാടനം പത്തനംതിട്ട കല്ലറക്കടവിൽ നടന്നു. മഠത്തിലേത്ത് വീട്ടിൽ നടന്ന യോഗത്തിൽ സി.പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജി.അനിൽകുമാർ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ പി.കെ.അനീഷ്‌, പത്തനംതിട്ട സൗത്ത്‌ ലോക്കൽ സെക്രട്ടറി എം.ജെ.രവി എന്നിവർ സംസാരിച്ചു.