ഉദ്യാനറാണി 'മലമ്പുഴ' മുഖംമിനുക്കുന്നു

Sunday 13 April 2025 1:02 AM IST

മലമ്പുഴ: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വേനലവധിക്കാലത്തെ വരവേൽക്കുമ്പോൾ ഉദ്യാനറാണിയായ മലമ്പുഴയും മുഖം മിനുക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലാണു മലമ്പുഴ. കേന്ദ്ര സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 75.87 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് നടക്കുക.

മലമ്പുഴ ഉദ്യാനത്തെ 'മിനി മൈസൂരു വൃന്ദാവൻ' ആക്കുകയാണ് ലക്ഷ്യം. ഇതിനായി നിലവിലെ രൂപകൽപനയിൽ മാറ്റം വരുത്തും. സ്വദേശിയും വിദേശിയുമായി കൂടുതൽ പൂച്ചെടികൾ എത്തിക്കും. പൂമരങ്ങളും നട്ടുപിടിപ്പിക്കും. ഉദ്യാനത്തിനു നടുവിലൂടെ നടപ്പാതകളും ഇരിപ്പിടങ്ങളും ഒരുക്കും. വിവിധ ഇനം ഓർക്കിഡ് പുഷ്പങ്ങളുടെ പാർക്കും ഒരുക്കും. കുട്ടികളെ ആകർഷിക്കാൻ വിവിധ റൈഡുകൾ, ഗെയിമുകൾ എന്നിവ ഒരുക്കും. വിനോദ പരിപാടികളും ഉല്ലാസ പരിപാടികളും സംഘടിപ്പി ക്കാനായി വേദികളും ഒരുക്കും. നിലവിലുള്ള ജലധാരകൾ കൂടാതെ പുതിയ മൂന്നെണ്ണം കൂടി സ്ഥാപിക്കും. പുതിയ തൂക്കുപാലത്തിനു താഴെ ചെറിയ വെള്ളച്ചാട്ടവും നിർമ്മിക്കും. വാട്ടർ കം മ്യൂസിക് ഫൗണ്ടനുമുണ്ടാകും. റിക്രിയേഷൻ സോണുകൾ, നീന്തൽക്കുളം, പുൽമൈതാനങ്ങൾ, കുട്ടികൾക്കായി കളി സ്ഥലം, വിനോദ പരിപാടികൾക്കായി സ്റ്റേജ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

 ഭിന്നശേഷി സൗഹൃദമാകും ഉദ്യാനത്തിലെ രാത്രി കാഴ്ചകൾ മനോഹരമാക്കാൻ വൈദ്യുതാലങ്കാരം ഒരുക്കും. ഭിന്നശേഷിക്കാർക്ക് ഉദ്യാനം ആസ്വദിക്കാൻ കഴിയുന്ന വിധം റാംപുകൾ, വീൽചെയർ, വിശ്രമകേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവ ഒരുക്കും. ആദിവാസി ഉൽപന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും സൗകര്യമൊരുക്കും. മാംഗോ ഗാർഡനിൽ ഇരിപ്പിടങ്ങളും പുൽമൈതാനങ്ങളും ഒരുക്കും. മാംഗോ ഗാർഡനിൽ വിളയുന്ന മാമ്പഴങ്ങൾ സന്ദർശകർക്കു വാങ്ങാൻ കഴിയുന്ന വിധം വിപണന സൗകര്യമൊരുക്കും. ഡാമിന്റെയും വൃഷ്ടിപ്രദേശത്തിന്റെയും മലനിരകളുടെയും സൗന്ദര്യം ഉയരത്തിൽ നിന്ന് ആസ്വദിക്കാൻ ഗവർണേഴ്സ് സീറ്റിൽ കെട്ടിടങ്ങൾ സ്ഥാപിക്കും.

മറ്റു പദ്ധതികൾ  മലമ്പുഴ ഉദ്യാനത്തിനു സമീപം പൊലീസ് എയ്ഡ് പോസ്റ്റ്.  സൗജന്യ വൈഫൈ സ്‌പോട്ടുകൾ  മലമ്പുഴയിലും പരിസരത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ബോർഡ്. റൂട്ട് മാപ്പ്, താമസ സൗകര്യം, ഭക്ഷണശാല എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും  പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യ സംസ്‌കരണത്തിനു സംവിധാനങ്ങൾ ഒരുക്കും  പാർക്കിംഗ് സൗകര്യം വിപുലമാക്കും  കാരവൻ പാർക്ക് ചെയ്യാനായി ഉദ്യാനത്തിനു സമീപം സൗകര്യം.