എം.ബി.എ പരീക്ഷ: ലോകായുക്ത വിധിക്കെതിരേ കേരള സർവകലാശാല
തിരുവനന്തപുരം: എം.ബി.എ പ്രത്യേക പരീക്ഷയെഴുതാത്ത വിദ്യാർത്ഥിക്ക് മുൻ പരീക്ഷകളുടെ ശരാശരി മാർക്ക് നൽകണമെന്ന ലോകായുക്ത ഉത്തരവിനെതിരേ കേരള സർവകലാശാല അപ്പീൽ നൽകും. ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകാൻ സ്റ്റാൻഡിംഗ് കോൺസലിന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ നിർദ്ദേശം നൽകി. ഉത്തരക്കടലാസുകൾ അദ്ധ്യാപകന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതിനെത്തുടർന്നുള്ള പ്രത്യേക പരീക്ഷയെഴുതാത്ത അഞ്ജന പ്രദീപിന് മുൻപരീക്ഷയുടെ ശരാശരി മാർക്ക് നൽകാനാണ് ഉത്തരവ്. ഇത് നിയമപരമല്ലെന്നും ഉത്തരക്കടലാസ് നഷ്ടമായതിൽ 65 പേർക്ക് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ചതായും സർവകലാശാല ഹൈക്കോടതിയെ അറിയിക്കും. ലോകായുക്തയുടെ അധികാരപരിധിയിൽ അല്ലാത്ത കാര്യത്തിലാണ് ഇങ്ങനെയൊരു ഉത്തരവുണ്ടായത്. ഉത്തരക്കടലാസ് നഷ്ടമായാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് 2018ൽ ഹൈക്കോടതി ഉത്തരവുണ്ടെന്നും അപ്പീലിൽ സർവകലാശാല ചൂണ്ടിക്കാട്ടും.
മുൻപ് ഉത്തരക്കടലാസുകൾ മനഃപൂർവ്വം നഷ്ടമാക്കി, വിദ്യാർത്ഥികൾക്ക് മുൻ പരീക്ഷകളിലെ ശരാശരി മാർക്ക് നൽകുന്ന രീതിയുണ്ടായിരുന്നു. 10 വർഷം മുൻപ് ഇത് അവസാനിപ്പിച്ചു. അതോടെ, ഉത്തരക്കടലാസുകൾ നഷ്ടമാക്കുന്നതും ഇല്ലാതായി. ഉത്തരക്കടലാസ് നഷ്ടപെടുന്ന അപൂർവ്വം സന്ദർഭങ്ങളിൽ പുനഃപരീക്ഷ നടത്തിയാണ് ഫലം പ്രസിദ്ധീകരിക്കുന്നതെന്നും ശരാശരി മാർക്ക് ആർക്കും അനുവദിക്കാറില്ലെന്നുമാണ് സർവകലാശാലയുടെ നിലപാട്.