മൊബൈൽ ആപ്പ്, സോഫ്റ്റ്‌വെയർ... ന്യൂജെൻ ആകാൻ സഹ. വകുപ്പ്

Sunday 13 April 2025 12:08 AM IST

കൊച്ചി: പരമ്പരാഗത ചട്ടക്കൂടിനു പുറത്തുകടന്ന് ന്യൂജെൻ പാതയിലാണ് സഹകരണ വകുപ്പ്. മൊബൈൽ ആപ്ലിക്കേഷൻ, ഏകീകൃത സോഫ്റ്റ്‌വെയർ, ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ് തുടങ്ങിയ നിരവധി പദ്ധതികൾ സഹകരണ മേഖലയിൽ നടപ്പാക്കും. ഇതര ബാങ്കിംഗ് സംവിധാനങ്ങൾപോലെ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കി സഹകരണ മേഖലയെ മാറ്റും. ഐ.ടി പ്രൊഫഷണലുകൾക്ക് പരിശീലനങ്ങളും സ്ഥാപനങ്ങൾക്ക് സോഫ്റ്റ്‌വെയർ സർവീസും നൽകും.

കാർഷിക അനുബന്ധ മേഖലകളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കാൻ സഹകരണ വകുപ്പ് നടപ്പിലാക്കിയ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയെന്ന പദ്ധതിയും ശ്രദ്ധേയമായിരുന്നു. വിളകളുടെ ഉത്പാദനം, സമാഹരണം, സംഭരണം, മൂല്യ വർദ്ധിത ഉത്പന്നമാക്കൽ, ചില്ലറ വില്പന എന്നിവ പരിപോഷിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് കാർഷിക മുന്നേറ്റമുണ്ടാക്കുന്നതാണ് ഈ പദ്ധതി.

* കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ഷൻ

മൊബൈൽ ആപ്പ് (സി.ഐ.എം.എ)

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ പരിശോധന കാര്യക്ഷമമാക്കുന്നതിനാണ് ഈ ആപ്പ്. പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘങ്ങളിൽ മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തി മിന്നൽ പരിശോധന നടത്തും. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ, രജിസ്ട്രാർ തുടങ്ങിയവർക്ക് പരിശോധന തത്സമയം നിരീക്ഷിക്കാം.

* ഏകീകൃത സോഫ്‌റ്റ്‌വെയർ

അക്കൗണ്ടിംഗ് സംവിധാനം ശക്തമാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമാണ് ഏകീകൃത സോഫ്റ്റ്‌വെയർ.

* ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ്

സഹകരണ മേഖലയിലെ ഉത്പന്നങ്ങളെ ഏകീകൃത ബ്രാൻഡിംഗിന് കീഴിൽ വിപണിയിൽ എത്തിക്കാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം. ആമസോൺ, ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കി.

* പരീക്ഷാ ബോർഡിലും

സോഫ്റ്റ്‌വെയർ

സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ പ്രവർത്തനങ്ങൾ സുതാര്യവും ഫലപ്രദവുമാക്കുന്നതിനാണിത്. മത്സരപരീക്ഷാ സംവിധാനം കാലാനുസൃതമായി പരിഷ്കരിക്കും.

* കേരളബാങ്കും നൂതനം

ഡിജിറ്റൽ സേവനം അതിവേഗം ഇടപാടുകാരിലേക്ക് എത്തിക്കാൻ കെ.ബി. പ്രൈം, കെ.ബി പ്രൈം പ്ലസ് എന്നീ ആപ്പുകളും മൊബൈൽ ബാങ്കിംഗും.