നിക്ഷേപത്തട്ടിപ്പ്: സഹ.സൊസൈറ്റി സെക്രട്ടറിയെ ഹൈക്കോടതി നീക്കി
കൊച്ചി: രണ്ടരക്കോടിയുടെ നിക്ഷേപത്തട്ടിപ്പിൽ മുഖ്യപ്രതിയായ പത്തനംതിട്ട ചേത്തക്കൽ സഹകരണ സൊസൈറ്റി സെക്രട്ടറി എബ്രഹാം ജേക്കബിനെ ഹൈക്കോടതി തൽസ്ഥാനത്തുനിന്ന് നീക്കി. കേസിൽ റിമാൻഡിലാവുകയും സസ്പെൻഷൻ നേരിടുകയും ചെയ്ത എബ്രഹാമിനെ സെക്രട്ടറി സ്ഥാനത്ത് പുനഃസ്ഥാപിച്ച പാർട് ടൈം ആർബിട്രേറ്ററുടെ നടപടി റദ്ദാക്കിയാണ് ജസ്റ്റിസ് ഡി.കെ. സിംഗിന്റെ ഉത്തരവ്. നിക്ഷേപകരായ പി.എസ്. അനു, ശോഭന പ്രകാശ് എന്നിവർ അഡ്വ.വി. സേതുനാഥ് മുഖേന നൽകിയ ഹർജിയിലാണ് നടപടി.
സൊസൈറ്റിയിലെ ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത 10 കേസുകളിൽ പ്രതിയാണ് എബ്രഹാം.
സൊസൈറ്റി പ്രസിഡന്റും ചില സ്റ്റാഫംഗങ്ങളും കൂട്ടുപ്രതികളാണ്. സെക്രട്ടറിയെ ഇതേ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് കുറ്റം ആവർത്തിക്കാൻ ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ നേരിടാനിരിക്കുന്നയാളെ സെക്രട്ടറി സ്ഥാനത്ത് പുനഃസ്ഥാപിച്ച ആർബിട്രേറ്ററുടെ നടപടി ബാങ്കിംഗ് സംവിധാനത്തിനും നിക്ഷേപകരും ജനങ്ങളും അർപ്പിച്ച വിശ്വാസത്തിനും നിരക്കാത്തതാണെന്നും കോടതി വിലയിരുത്തി.