മലിനമായി ഉപേക്ഷിക്കപ്പെട്ട കൊട്ടേക്കുളത്തിന് പുതുജീവൻ

Sunday 13 April 2025 1:35 AM IST
കള നിറഞ്ഞ് ഉപയോഗശൂന്യമായ കൊട്ടേക്കുളം.

 ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു വടക്കഞ്ചേരി: പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു നാടിന്റെ അടയാളമായിരുന്ന കുളം പിന്നീട് കളയും പായലും കയറി ഉപേക്ഷിക്കപ്പെട്ടെങ്കിലും കുളത്തിന്റെ പേരിൽ 'കൊട്ടേക്കുളം' എന്നു തന്നെ ആ നാട് അറിയപ്പെട്ടു. ചെറിയ ഗ്രാമത്തിന്റെ ഒത്ത നടുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കുളത്തിന് ഇപ്പോഴിതാ പുതുജീവൻ വയ്ക്കുകയാണ്. വാർഡ് അംഗം പി.എം.റോയിയുടെ മാസങ്ങളായുള്ള ശ്രമത്തിനൊടുവിൽ കുളം നവീകരണ പദ്ധതി ജലസേചന വകുപ്പ് തത്വത്തിൽ അംഗീകരിച്ചു. ചിറ്റൂർ മൈനർ ഇറിഗേഷൻ വകുപ്പിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഡി.എസ്.സുജിത്ത്, അസി. എൻജിനീയർ കിരൺ ബി.രാജ്, ഓവർസിയർ എൻ.സന്തോഷ്‌കുമാർ എന്നിവരടങ്ങിയ സംഘം കൊട്ടേക്കുളത്തെത്തി പ്രാഥമിക പഠനം നടത്തി. ഒരേക്കർ വിസ്തൃതിയുള്ള കുളത്തിന്റെ മുക്കാൽ ഏക്കർ ജലമാണ്. ഇതു വൃത്തിയാക്കി നീന്തൽക്കുളം ഒരുക്കും. ശേഷിച്ച 46 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള ഭാഗത്ത് നിലവിൽ കെട്ടിടമില്ലാത്ത വായനശാലയ്ക്ക് കെട്ടിടം, മുകളിൽ കോൺഫറൻസ് ഹാൾ, സോളാർ പ്ലാന്റ് എന്നിവയും ഇതിനോട് ചേർന്ന് ഓപ്പൺ ജിം, ഗാർഡൻ, വിശ്രമ ബഞ്ചുകൾ, ഔഷധ തോട്ടം, ടോയ്ലറ്റ് എന്നിവയും ഒരുക്കും. നെൽകൃഷി ധാരാളമുള്ള അടുത്ത പ്രദേശങ്ങളിലേക്ക് ജലസേചനവും കുളം നവീകരണത്തിലൂടെ സാധ്യമാകുമെന്ന് വാർഡ് മെമ്പർ റോയ് പറഞ്ഞു.കുളത്തിന്റെ വിസ്തൃതിയിൽ കുറവ് വരാതെ തന്നെ പദ്ധതി നടപ്പാക്കാനാവുമെന്ന് ഡി.എസ്.സുജിത്ത് പറഞ്ഞു. എത്രയും വേഗം പ്രാഥമിക റിപ്പോർട്ടും എസ്റ്റിമേറ്റും വകുപ്പിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുളം നവീകരണത്തിന് പഞ്ചായത്തിന്റെ പൂർണപിന്തുണ ഉണ്ടെന്നും എം.എൽ.എ ഫണ്ട്, നബാർഡ് ഫണ്ട് എന്നിവ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും റോയ് പറഞ്ഞു. ഇതിനായി ഒരു കോടി രൂപയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ജലസേചന വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാവുതോടെ കൊട്ടേക്കുളത്തിന്റെ മുഖഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.