കൂടുതൽ കണ്ടൽക്കാടുകൾ സംരക്ഷിത വനമാകും
കൊച്ചി: സംസ്ഥാനത്ത് നാലിടത്തെ കണ്ടൽക്കാടുകൾ കൂടി സംരക്ഷിത വനങ്ങളുടെ പട്ടികയിലേക്ക്. എറണാകുളം പുതുവൈപ്പ്, തൃശൂരിലെ വെൺമനാട്, കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ, കടലുണ്ടി, വള്ളിക്കുന്ന്, ഇരിങ്ങൽ, കണ്ണൂരിലെ എരിഞ്ഞോളി എന്നിവിടങ്ങളിലെ കണ്ടൽക്കാടുകളെ നിർദ്ദിഷ്ട റിസർവാക്കി വിജ്ഞാപനമിറക്കി. സംരക്ഷിതവനമായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയാണിത്.
1961ലെ കേരള വനനിയമ പ്രകാരമാണ് പരിസ്ഥിതി സംരക്ഷണ പ്രാധാന്യമുള്ള കണ്ടൽക്കാടുകളും പുറമ്പോക്കുകളും റിസർവ് വനമായി പ്രഖ്യാപിക്കുന്നത്.
കണ്ടൽക്കാടുകളുടെ വ്യാപ്തി കേരളത്തിൽ 60 ശതമാനം കുറഞ്ഞതായി ശാസ്ത്രജ്ഞർ പറയുന്നു. നഗരവത്കരണവും കൈയേറ്റവും മുതൽ കാലാവസ്ഥാ വ്യതിയാനം വരെ നാശത്തിന് കാരണമാണ്.
38 ഇനം കണ്ടൽ
കേരളത്തിൽ 38 ഇനം കണ്ടലുകളുണ്ട്.അവയിൽ ഒരിനം മാത്രമാണ് എല്ലാ ജില്ലകളിലുമുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കൂടുതൽ കാണപ്പെടുന്നത്. തിരുവനന്തപുരത്ത് മൂന്നിനമുണ്ട്. ലോകത്താകെ 82 ഇനവും
സംരക്ഷിത കണ്ടൽക്കാട്
വലുത് കണ്ണൂരിൽ
(വിസ്തൃതി ഹെക്ടറിൽ)
• കണ്ണൂർ - 226 ഹെക്ടർ • കാസർകോട് - 54.695 ഹെക്ടർ • തൃശൂർ ഒരുമനയൂർ - 3.3853 (ഏറ്റവും ചെറുത്)
പുതിയ വിജ്ഞാപന
പട്ടികയിലുള്ളത്
(വിസ്തൃതി ഹെക്ടറിൽ) • പുതുവൈപ്പ് - 65.83 • വെൺമനാട് - 94.77 • കോഴിക്കോട് - 36.437 • എരിഞ്ഞോളി - 2.0630
കൂടുതൽ കണ്ടൽകാടുകളെ സംരക്ഷിതവനമായി പ്രഖ്യാപിക്കുന്നത് സ്വാഗതാർഹമാണ്. ശാസ്ത്രീയമായി
നട്ടുപിടിപ്പിച്ചാലേ കണ്ടൽ വളരുകയുള്ളൂ.
ഡോ. ബിജോയ് നന്ദൻ
ഡീൻ, ഫാക്കൽറ്റി ഒഫ് മറൈൻ സയൻസ്
കുസാറ്റ്