റാണയുടെ കൊച്ചി സന്ദർശനം: ചോദ്യം ചെയ്യൽ നിർണായകം

Sunday 13 April 2025 2:47 AM IST

കൊച്ചി: മുംബയ് ഭീകരാക്രമണത്തിന് മുമ്പ് തഹാവൂർ റാണ കൊച്ചി സന്ദർശിച്ചതിന്റെ ലക്ഷ്യവും എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ വിഷയമാകും. ഭീകരാക്രമണവുമായി റാണയുടെ സന്ദർശനത്തിന് ബന്ധമുണ്ടോയെന്ന് കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണം നടത്തുന്നതായി സൂചനയുണ്ട്.

മുംബയ് ഭീകരാക്രമണത്തിന് ഏതാനും ആഴ്‌ച മുമ്പാണ് എറണാകുളം മറൈൻഡ്രൈവിലെ നക്ഷത്രഹോട്ടലിൽ മൂന്നു ദിവസം റാണ താമസിച്ചത്. ബിസനസ് ആവശ്യങ്ങൾക്ക് എത്തിയെന്ന വിവരമാണ് നൽകിയത്. മുറിയെടുത്തതും തിരിച്ചുപോയതും സംബന്ധിച്ച ഹോട്ടൽ രേഖകൾ ഭീകരാക്രമണങ്ങൾക്ക് ശേഷം കേന്ദ്ര ഏജൻസികൾ ശേഖരിച്ചിരുന്നു. ഹോട്ടലിലും പുറത്തും ആരെയൊക്കെ സന്ദർശിച്ചു, എവിടെയെല്ലാം പോയി തുടങ്ങിയ വിവരങ്ങൾ അജ്ഞാതമാണ്. നിരീക്ഷണ ക്യാമറകൾ വ്യാപകമല്ലാത്ത കാലമായിരുന്നതിനാൽ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും അക്കാലത്ത് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല.