മാസപ്പടികേസ്: സി.പി.ഐ നിലപാടിൽ സി.പി.എമ്മിന് അമർഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന നിലപാടിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിപ്പറഞ്ഞതിൽ സി.പി.എമ്മിന് അമർഷം.
എൽ.ഡി.എഫിന്റെ കേസല്ലെന്നും രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും സി.പി.ഐ സെക്രട്ടറി വിശദീകരിച്ചതോടെ സി.പി.എമ്മിന്റെ വാദമുഖമാണ് ദുർബലമായത്.
കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞ ദിവസം തന്നെയാണ് സി.പി.ഐ ഭിന്നാഭിപ്രായം ഉയർത്തിയത്.
ബിനോയ് വിശ്വത്തിനെതിരെ മന്ത്രി വി.ശിവൻകുട്ടി പരസ്യമായി ഇന്നലെ രംഗത്ത് വരുകയും ചെയ്തു. വീണാ വിജയന്റെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും പിണറായിക്ക് എൽ.ഡി.എഫ് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്നുമായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണി യോഗത്തിലാണെന്നും ശിവൻകുട്ടി പ്രതികരിച്ചു. സർക്കാരും സി.പി.എമ്മും വലിയ പ്രതിരോധത്തിൽ നിൽക്കേ, പ്രതിപക്ഷത്തിന് സഹായകമായ നിലപാടാണ് സി.പി.ഐ സ്വീകരിച്ചതെന്ന് സി.പി.എം വിലയിരുത്തുന്നു.
വികസനത്തിന് കേന്ദ്രപണം ചെലവഴിക്കുന്നതിൽ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും ശിവൻകുട്ടി പറഞ്ഞതും അഭിപ്രായ ഭിന്നതയുടെ സൂചനയായി. ഇതോടെയാണ്, ശിവൻകുട്ടിയും താനും പറഞ്ഞത് ഒരേ അഭിപ്രായമാണെന്ന് ബിനോയ് വിശ്വം വിശദീകരിച്ചത്. മുഖ്യമന്ത്രിക്കെതിരായി കേസിനെ മാറ്റിയെടുക്കാൻ ശ്രമിച്ചാൽ എൽ.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നുമുള്ള നിലപാട് ബിനോയ് വിശ്വം ആവർത്തിക്കുകയും ചെയ്തു.
സി.പി.ഐ സംസ്ഥാന കൗൺസിലിന്റെ തീരുമാനപ്രകാരമായിരുന്നു മാസപ്പടിക്കേസിൽ ബിനോയ് വിശ്വത്തിന്റെ പ്രതികരണം . മന്ത്രി വി.ശിവൻകുട്ടി പറഞ്ഞതിനപ്പുറം പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം.