നിലത്തിഴയൽ,​ കല്ലുപ്പിൽ നിൽക്കൽ നടപ്പാതയിൽ പിറക്കുന്ന പുതുസമരമുറകൾ

Sunday 13 April 2025 1:03 AM IST

തിരുവനന്തപുരം: നിരാഹാരത്തിന് പുറമേ ശയനപ്രദക്ഷിണം. ഏത്തമിട്ടും കല്ലുപ്പിൽ മുട്ടുകുത്തി നിന്നും നിലത്തിഴഞ്ഞും പ്രതിഷേധം.

ഭിക്ഷയെടുക്കൽ,​ കണ്ണുകെട്ടിയും പ്ളാവിലത്തൊപ്പി ധരിച്ചും കൈയിൽ കർപ്പൂരം കത്തിച്ചും അവർ സമരം ചെയ്യുന്നു.

പൊലീസ് യൂണിഫോം സ്വപ്നം കണ്ട് കഠിനപരിശ്രമത്തിലൂടെ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയവർ. വേക്കൻസിയുണ്ടായിട്ടും ജോലി ലഭിക്കില്ലെന്നായതോടെ എങ്ങനെയും നേടിയെടുക്കണമെന്ന നിശ്ചയദാർഢ്യവുമായി തലസ്ഥാനത്തേക്ക് വണ്ടികയറിയ പെൺകുട്ടികൾ. സെക്രട്ടേറിയറ്റിനുമുമ്പിലെ നടപ്പാതയിൽ അവർ പുതുസമരമുറകളുമായി പ്രതിഷേധിക്കുന്നു. പെരുമഴയുള്ള രാത്രികളിൽ ടാർപോളിൻ തലയ്ക്കുമീതെ പിടിച്ച് അവ‍ർ ചേർന്നുനിന്നു. കൊടുംവെയിലിൽ അവർ തളർന്നില്ല. സമരത്തിനെത്തി വൈകാതെ അവർ തിരിച്ചറിഞ്ഞു,​ മുദ്രാവാക്യം മുഴക്കിയിട്ടും പട്ടിണികിടന്നിട്ടും കാര്യമില്ല. വ്യത്യസ്ത മുറകളിലൂടെ മാത്രമേ സമരം ശ്രദ്ധിക്കപ്പെടൂ. ഓരോ ദിവസവും വ്യത്യസ്തരീതിയിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്കരികിലേക്ക് മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും മാത്രമല്ല,​ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും എത്തുന്നുണ്ട്.

കൂട്ടായ അദ്ധ്വാനം

സമരമാർഗങ്ങൾക്കുപിന്നിൽ നോവുമാത്രമല്ല, ബുദ്ധിവൈഭവത്തിന്റെ തിളക്കവുമുണ്ട്. സമരമുറകൾക്ക് പിന്നിൽ കൂട്ടായ അദ്ധ്വാനമുണ്ട്. തലേരാത്രിയിലെ മീറ്റിംഗിലാണ് പിറ്റേന്ന് എന്ത് സമരമുറയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നത്. നടപ്പാതയിൽ നിലത്ത് വട്ടംകൂടിയിരുന്നെടുക്കുന്ന തീരുമാനങ്ങളാണ് പിറ്റേന്നത്തെ സമരമുറകൾ.