വിഷുവും ഈസ്റ്ററും കളറാകും: വിലക്കുറവുമായി കൺസ്യൂമർഫെഡ്

Sunday 13 April 2025 1:06 AM IST

കൊല്ലം: നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവുമായി കൺസ്യൂമർഫെഡിന്റെ വിഷു-ഈസ്റ്റർ സഹകരണ വിപണിക്ക് തുടക്കമായി. ജില്ലയിലെ 26 ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ 21 വരെയാണ് വിപണനമേള ഒരുക്കിയിരിക്കുന്നത്. ആഘോഷ കാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയാണ് ലക്ഷ്യം. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റു ഉത്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും പൊതുജനങ്ങൾക്ക് സ്വന്തമാക്കാം. പൊതുവിപണിയിൽ 50 രൂപയോളം വിലവരുന്ന വിവിധതരം അരികൾ 33 രൂപയ്ക്കാണ് ലഭിക്കുക. പഞ്ചസാര, ചെറുപയർ, കടല, മല്ലി, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം സബ്‌സിഡി നിരക്കിൽ ലഭിക്കും. വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചൽ ത്രിവേണി സൂപ്പർ മാർക്കറ്റിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ജി.ത്യാഗരാജൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ആദ്യ വിൽപന നിർവഹിച്ചു. റീജിയണൽ മാനേജർ ഐ.ലൈലമോൾ, യൂണിറ്റ് മാനേജർ അൻസാർ എന്നിവർ സംസാരിച്ചു.

വില (കിലോഗ്രാമിൽ) സബ്‌സിഡി, വിപണിവില

ജയ അരി: 33,50

കുറുവ അരി: 33,48

കുത്തരി : 33, 49

പച്ചരി: 29,37

പഞ്ചസാര : 34, 49

ചെറുപയർ:90, 120

കടല: 65,95

ഉഴുന്ന്: 90,125

വൻപയർ: 75,110

തുവരപ്പരിപ്പ്: 105, 145

ഉണക്കമുളക്: 115.50, 175

മല്ലി: 81.90, 115

വെളിച്ചെണ്ണ (ലിറ്റർ): 240.45, 350