ഒരു വീട് തകർന്നു: പെയ്ത് തോരാതെ വേനൽ മഴ

Sunday 13 April 2025 1:06 AM IST

കൊല്ലം: നഗരത്തിൽ ഉൾപ്പടെ ജില്ലയിലെ മിക്കയിടങ്ങളിലും ഇന്നലെ ഇടവിട്ട് ശക്തമായ മഴ ലഭിച്ചു. പുലർച്ചെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ ചെറിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പാരിപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 57 മില്ലിമീറ്റർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊട്ടാരക്കര താലൂക്കിൽ ഒരു വീട് ഭാഗികമായി തകർന്നു. കൊട്ടാരക്കര കലയപുരം പൂവാറ്റൂർ രാജുവിന്റെ വീടാണ് തകർന്നത്. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാദ്ധ്യത കൂടുതലാണ്. അപകടം ശ്രദ്ധയിൽ പെട്ടാൽ 1912 കൺട്രോൾ റൂമിലോ 1077 നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. നിലവിൽ ക്യാമ്പ് തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

തകർത്ത് വേനൽമഴ

മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 213.8 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 108.3 മില്ലി മീറ്റർ മഴയായിരുന്നു പ്രതീക്ഷിച്ചത്. ഇതുവരെ 97 ശതമാനം വേനൽമഴ ലഭിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. കഴിഞ്ഞ മാസം ആദ്യം മുതൽ പല ദിവസങ്ങളിലായി ലഭിച്ച മഴയാണ് അധികമഴ ലഭിക്കാൻ കാരണമായത്.

ഇന്നലെ പെയ്ത മഴ (മില്ലിമീറ്റർ)

പാരിപ്പള്ളി : 57

കൊല്ലം: 47

കൊട്ടാരക്കര : 15

തെന്മല : 13.5

കരുവേലിൽ : 10.5

പുനലൂർ : 7.2

ആര്യങ്കാവ് : 0.3

സഹായത്തിന് വിളിക്കാം

 വൈദ്യുതി ലൈൻ അപകടം: 1056

 കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 2794004, 9447677800

 കെ.എസ്.ഇ.ബി കൺട്രോൾ റൂം: 1912