മൂല്യനിർണയ ക്യാമ്പുകളിൽ വീർപ്പുമുട്ടി അദ്ധ്യാപകർ
കൊല്ലം: പരീക്ഷാ പേപ്പർ മൂല്യനിർണയത്തിന് അനുവദിച്ച കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പരാതി ശക്തമാകുന്നു. വേനൽ കടുത്ത സാഹചര്യത്തിൽ ആവശ്യത്തിന് കുടിവെള്ളം, ഫാൻ, വൃത്തിയുള്ള ടൊയ്‌ലെറ്റ് തുടങ്ങിയവ ലഭ്യമല്ലെന്നാണ് പരാതി.
കൂടാതെ ക്യാമ്പുകളിൽ ആവശ്യത്തിന് ക്യാമ്പ് ഒഫീഷ്യൽസുകളും ഇല്ല. ഇത് പലപ്പോഴും മൂല്യനിർണയത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. പ്രായമേറിയ അദ്ധ്യാപകർ ഉൾപ്പടെ എട്ട് മണിക്കൂറോളം ബെഞ്ചിലിരുന്നാണ് പേപ്പറുകൾ പരിശോധിക്കുന്നത്. ഈ ഇരിപ്പ് ശാരീരിക ബുദ്ധിമുട്ടുകൾക്കും വഴിവെയ്ക്കുന്നു. കസേരയും ടേബിളും ക്രമീകരിച്ച് മൂല്യ നിർണയത്തിന് സൗകര്യമൊരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
ജില്ലയിൽ എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനുമായി 14 മൂല്യനിർണയ ക്യാമ്പുകളാണുള്ളത്. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷ മൂല്യനിർണയത്തിന്റെയും സേ പരീക്ഷ, ഇംപ്രൂവ്‌മെന്റ് എന്നിവയുടെ മൂല്യനിർണയത്തിന്റെയും വേതനവും പ്രാക്ടിക്കൽ ബോർഡ് മീറ്റിംഗിന്റെ യാത്രാബത്തയും ഇതുവരെ അദ്ധ്യാപകർക്ക് ലഭിച്ചിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല
ക്യാമ്പുകളിൽ പ്രാഥമിക സൗകര്യങ്ങൾക്ക് ബുദ്ധിമുട്ട്
അദ്ധ്യാപകരുടെ മൂല്യനിർണയ വേതനം 15 വർഷമായി പരിഷ്കരിച്ചിട്ടില്ല
2017ൽ പരീക്ഷാ ഫീസ് വർദ്ധിപ്പിച്ചിരുന്നു
രാവിലെ 15 പേപ്പറും, ഉച്ചയ്ക്ക് ശേഷം 15 പേപ്പറും നോക്കണമെന്നാണ് ചട്ടം
ഒരദ്ധ്യാപകന് പ്രതിദിനം 240 രൂപയാണ് ലഭിക്കുന്നത്
മുമ്പ് ക്യാമ്പുകളിൽ വച്ച് വേതനം നൽകിയിരുന്നു
കഴിഞ്ഞ നാല് വർഷമായി അക്കൗണ്ട് വഴി
ഇതോടെ ഒരു വർഷത്തോളം കഴിഞ്ഞാണ് ലഭിക്കുന്നത്
ജില്ലയിൽ മൂല്യനിർണയ കേന്ദ്രങ്ങൾ-14
ഹയർസെക്കൻഡറി-9
എസ്.എസ്.എൽ.സി-5
80 / 60 മാർക്കുള്ള പേപ്പർ നോക്കുന്നതിന് ₹ 8
30 മാർക്കുള്ള പേപ്പർ നോക്കുന്നതിന് ₹ 6
മൂല്യനിർണയ ക്യാമ്പുകളിൽ ക്യാമ്പ് ഒഫിഷ്യൽസുകളുടെ എണ്ണം കുറവാണ്. അദ്ധ്യാപകർക്ക് മാത്രമായി അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നതിൽ വീഴ്ച. വേതനം ലഭിക്കുന്നതിലും കൃത്യത ഇല്ല.
അദ്ധ്യാപകർ