ശബരിമല വിഷുക്കണി പുലർച്ചെ 4 മുതൽ

Sunday 13 April 2025 1:13 AM IST

ശബരിമല : സന്നിധാനത്ത് നാളെ രാവിലെ നാലു മുതൽ ഏഴുവരെ വിഷുക്കണി ദർശിക്കാം. ഇന്നു രാത്രി നട അടയ്ക്കുന്നതിനുമുമ്പ് മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയും കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റിയും പരികർമ്മികളും ചേർന്ന് കണി ഒരുക്കും. നാളെ പുലർച്ചെ നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ച് അയ്യപ്പ സ്വാമിയെ അദ്യം കണികാണിക്കും. തുടർന്ന് തീർത്ഥാടകർക്ക് കണികാണാം. തന്ത്രി കണ്ഠരര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എന്നിവർ ചേർന്ന് തീർത്ഥാടകർക്ക് വിഷുക്കൈനീട്ടം നൽകും. 7.30 മുതൽ നെയ്യഭിഷേകം ഉൾപ്പെടെയുള്ള പൂജകൾ. തിരക്ക് പരിഗണിച്ച് കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മാളികപ്പുറത്തും പമ്പ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കും. ഇവിടെയും മേൽശാന്തിമാർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. കൂടുതൽ ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി സജ്ജമാക്കിയിട്ടുണ്ട്.