സ്വകാര്യ ആശുപത്രിയിൽ 9 വയസുകാരി മരിച്ചു ; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
ആലപ്പുഴ: കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒമ്പതുവയസുകാരി മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്നാണെന്ന് ആരോപണം. കണ്ണമ്പള്ളി ചക്കാലത്തറയിൽ അജിത്ത്-ശരണ്യ ദമ്പതികളുടെ ഏകമകൾ ആദിലക്ഷ്മിയാണ് (മണിക്കുട്ടി) മരിച്ചത്. കടുത്ത പനിയും വയറുവേദനയെയും തുടർന്ന് വ്യാഴാഴ്ച രാവിലെ പത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിലക്ഷ്മി ഇന്നലെ രാവിലെയാണ് മരിച്ചത്.
ചികിത്സയിലിരിക്കെ ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ടെസ്റ്റുകൾക്കായി സാമ്പിളുകൾ ശേഖരിച്ചതല്ലാതെ രോഗമെന്താണെന്ന് കണ്ടെത്താൻ ആശുപത്രി അധികൃതർ ശ്രമിച്ചില്ലെന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റേതെങ്കിലും ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ തയ്യാറായില്ലെന്നും അവർ ആരോപിച്ചു. അവശനിലയിലായതോടെ ഇന്നലെ രാവിലെ ആദിലക്ഷ്മിയെ ഐ.സി.യുവിലേക്ക് മാറ്റി. പത്ത് മിനിട്ടിനകം കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് അറിയിച്ചു. ഇതിനു പിന്നാലെ മരിച്ചെന്ന് പറഞ്ഞതോടെ ക്ഷുഭിതരായ ബന്ധുക്കൾ ആശുപത്രി ജീവനക്കാരുമായി തമ്മിൽ വാക്കുതർക്കമുണ്ടായി.
വിവരമറിഞ്ഞ് കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഒന്നരമാസം മുമ്പ് രക്തസമ്മർദ്ദത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ മാതാവ് ശരണ്യ വീട്ടിൽ വിശ്രമത്തിലാണ്. കായംകുളം ഗവ.എൽ.പി എസിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിയാണ് ആദിലക്ഷ്മി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം കായംകുളം ഐക്യജംഗ്ഷനു സമീപം ശരണ്യയുടെ കുടുംബവീടായ ഞാവയ്ക്കാട്ട് ചക്കാലത്തറയിൽ മൃതദേഹം സംസ്കരിച്ചു.
ചികിത്സാപ്പിഴവില്ലെന്ന് പ്രാഥമിക നിഗമനം
സംഭവത്തിൽ ഡോക്ടറുടെ പിഴവില്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ നിഗമനം. കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഇന്റേണൽ ഇൻഫെക്ഷനും ഉണ്ടായിരുന്നതായി സംശയിക്കുന്നു. പരിശോധനകൾക്കായി സാമ്പിളുകൾ അയച്ചു. ആശുപത്രി ആക്രമിച്ചെന്നും ഡോക്ടറെ കൈയേറ്റം ചെയ്‌തെന്നുമുള്ള ആശുപത്രി
അധികൃതരുടെ പരാതിയിൽ കണ്ടാലറിയാവുന്നവർക്കെതിരെ പൊലീസ് കേസെടുത്തു.