ഫിഷറീസ് സെൻസസ്: 12 ലക്ഷം വീടുകളിലെ വിവരം ശേഖരിക്കും

Sunday 13 April 2025 1:24 AM IST

കൊച്ചി: അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസ് നവംബർ,ഡിസംബർ മാസങ്ങളിൽ നടക്കും. 12 ലക്ഷം വീടുകളിൽ നിന്ന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, സാമൂഹിക സാമ്പത്തിക നിലവാരം,അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും.

ജനസംഖ്യ,മത്സ്യബന്ധന യാനങ്ങൾ,അനുബന്ധ ഉപകരണങ്ങൾ,ഹാർബറുകൾ,ലാൻഡിംഗ് സെന്ററുകൾ,സംസ്‌കരണ യൂണിറ്റുകൾ,കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ എന്നീ വിവരങ്ങളും ശേഖരിക്കും. സാമ്പത്തിക ചെലവുൾപ്പെടെ സെൻസസിന് നേതൃത്വം നൽകുന്നത് കേന്ദ്ര ഫിഷറീസ് വകുപ്പാണ്. സെൻസസിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി നീതുകുമാരി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി.എം.എഫ്.ആർ.ഐ ഡയറക്ടറും സെൻസസിന്റെ ദേശീയ കോ ഓർഡിനേറ്ററുമായ ഡോ.ഗ്രിൻസൺ ജോർജും ഉദ്യോഗസ്ഥരും പങ്കെടുത്തു.