24 മദ്രസകൾക്കുകൂടി അംഗീകാരം നൽകി സമസ്ത മദ്രസകളുടെ എണ്ണം 10972 ആയി

Sunday 13 April 2025 1:33 AM IST

ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം പുതുതായി 24 മദ്രസകൾക്കുകൂടി അംഗീകാരം നൽകി. ഇതോട് കൂടി സമസ്ത മദ്രസകളുടെ എണ്ണം 10972 ആയി. ലഹരിക്കെതിരെ വ്യാപകമായ ബോധവൽക്കരണം നടത്താനും പ്രത്യേക കാമ്പെയിൻ ആചരിക്കാനും നിശ്ചയിച്ചു. കാമ്പെയിന്റെ ഭാഗമായി ലഘുലേഖ വിതരണം, ഗൃഹ സമ്പർക്കം, ലഹരിവിരുദ്ധ സ്‌ക്വാഡ് രൂപീകരണം, അദ്ധ്യാപകവിദ്യാർത്ഥി രക്ഷാകർതൃ സംഗമങ്ങൾ എന്നിവ നടത്താനും നിശ്ചയിച്ചു. ഈ അദ്ധ്യയന വർഷം മുതൽ പരിഷ്‌കരിച്ച ഒന്നു മതൽ നാല് വരെ ക്ലാസുകളിലെ മദ്രസ പാഠ പുസ്തകങ്ങൾ സംബന്ധിച്ച് അദ്ധ്യാപകർക്കും മാനേജ്‌മെന്റിനും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനം നൽകാനും തീരുമാനിച്ചു. അദ്ധ്യാപക പരിശീലനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 15ന് രാവിലെ ഒമ്പതിന് കൊണ്ടോട്ടി കോടങ്ങാട് ചിറയിൽ ചുങ്കം മദ്രസയിൽ വച്ചും മാനേജ്‌മെന്റ് പരിശീലനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 22ന് രാവിലെ 10ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ വച്ചും നടക്കും. ഏപ്രിൽ 16, 17,19,20 തീയതികളിലായി റെയ്ഞ്ച് തലത്തിൽ മുഴുവൻ മുഅല്ലീങ്ങൾക്കും പരിശീലനം നൽകാനും തീരുമാനിച്ചു. പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി.