സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ ബ്രോഷർ പ്രകാശനം ചെയ്തു

Sunday 13 April 2025 1:37 AM IST

മലപ്പുറം: പൊതു വിദ്യാഭ്യാസ വകുപ്പ് വണ്ടൂർ ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ പുതുതായി ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ ബ്രോഷർ എ.പി.അനിൽ കുമാർ എം.എൽ.എ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശരീഫ് തുറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, വൈസ് പ്രസിഡന്റ് സിദ്ധീഖ് പട്ടിക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.കുഞ്ഞുമുഹമ്മദ്, പ്രിൻസിപ്പൽ ഒ.വിനോദ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ എം.ഐശ്വര്യ, പ്രധാനാദ്ധ്യാപിക സത്യവതി, സ്‌കിൽ സെന്റർ കോർഡിനേറ്റർ പി.അൻഫാസ് സംസാരിച്ചു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരള, സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ കോഡ്മാറ്റോളജിസ്റ്റ്, ബേക്കിങ് ടെക്നീഷ്യൻ എന്നീ രണ്ട് ജോബ് റോളുകളാണ് അനുവദിച്ചിരിക്കുന്നത്. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശനി, ഞായർ ദിവസങ്ങളിലും മറ്റു പൊതു അവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസ്. ഒരുവർഷം ദൈർഘ്യമുള്ള കോഴ്സും മൂല്യനിർണയവും വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ അംഗീകൃത സ്‌കിൽ സർട്ടിഫിക്കറ്റ് ലഭിക്കും.