ലക്‌നൗ പൂരം

Sunday 13 April 2025 3:56 AM IST

ലക്‌നൗ: ഐ.പി.എല്ലിൽ ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിന് തടയിട്ട് ലക്‌നൗ സൂപ്പ‌ർ ജയ്‌ന്റ്സ്. സ്വന്തം തട്ടകമായ ഏക്‌ന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ

6 വിക്കറ്റിനായിരുന്നു ലക്‌നൗവിന്റെ വിജയം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 180 റൺസ് നേടി. മറുപടിക്കിറങ്ങിയ ലക്‌നൗ 19.3 ഓവറിൽ 4 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (186/4). തുടർച്ചയായ 4 വിജയങ്ങൾക്ക് ശേഷം തോൽവി വഴങ്ങിയ ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് വീണു. ഡൽഹി ഒന്നാമതെത്തി. ജയത്തോടെ ലക്‌നൗ ആറാം സ്ഥാനത്ത് നിന്ന് മൂന്നാമതെത്തി.

പൂരൻ വെടിക്കെട്ട്

സീസണിലെ നാലാം അർദ്ധ സെഞ്ച്വറിയുമായി അടിച്ചു തകർത്ത നിക്കോളാസ് പൂരനാണ് ചേസിംഗിൽ ലക്‌‌നൗവിന്റെ മുന്നണിപ്പോരാളിയായത്. 34 പന്തിൽ നിന്ന് 7 സിക്‌സും 1 ഫോറും ഉൾപ്പെടെ പൂരൻ 61 റൺസ് നേടി. ഓപ്പണർ എയ്‌ഡൻ മർക്രമും (31 പന്തിൽ 58) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. മികച്ച ഫോിലുള്ള ഓപ്പണർ മിച്ചൽ മാർഷ് ടീമിലില്ലാതിരുന്നതിനാൽ പകരം ക്യാപ്ടൻ റിഷഭ് പന്താണ് മർക്രത്തിെനൊപ്പം ലക്‌നൗവിന്റെ ചേസിംഗ് ഓപ്പൺ ചെയ്തത്.18 പന്തിൽ 4 ഫോറുൾപ്പെടെ 21 റൺസ് നേടിയ പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

മർക്രമും പന്തും 38 പന്തിൽ 65 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ലക്‌നൗവിന് മികച്ച തുടക്കം സമ്മാനിച്ചു. പിന്നീട് പുരാൻ ചേസിംഗിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. പത്തോവറിൽ ലക്‌നൗ 114 റൺസ് നേടി. മർക്രത്തെ പ്രസിദ്ധ് മടക്കിയെങ്കിലും മറുവശത്ത് അടി തുടർന്ന പുരാൻ ലക്‌നൗവിനെ 150 കടത്തി. 16-ാം ഓവറിൽ പുരാനെ റാഷിദ് ഷാരൂഖ് ഖാന്റെ കൈകളിൽ ഒതുക്കി. ഡേവിഡ് മില്ലറെ (7)​ സുന്ദർ മടക്കിയെങ്കിലും ഇംപാക്‌ട് പ്ലെയർ ആയുഷ് ബധോനി (20 പന്തിൽ 28)​ അബ്‌ദുൾ സമദിനൊപ്പം (2)​ ലക്നൗവനെ വിജയ തീരത്തെത്തിച്ചു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്‌ണ 2 വിക്കറ്റ് വീഴ്ത്തി. വിക്കറ്റിന് പിന്നിൽ ജോസ് ബട്ട്ലർ വരുത്തിയ പിഴവുകളും ഗുജറാത്തിന് തിരിച്ചടിയായി.

ഗംഭീര തുടക്കം പിന്നി പാളി

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ക്യാപ്‌ടൻ ശുഭ്‌മാൻ ഗില്ലും (38 പന്തിൽ 60),​​ സായി സുദർശനും (37 പന്തിൽ 56)​ ഗംഭീര തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 12.1 ഓവറിൽ 120 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സീസണിൽ ആദ്യാമായാണ് ഒരു ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 100 കടന്നത്. ഗില്ലിനെ മർക്രത്തിന്റെ കൈയിൽ എത്തിച്ച് ആവേശ് ഖാനാണ് ലക്‌നൗവിന് ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ തുടർന്ന് കളി പിടിച്ച ലക്‌നൗ ബൗളർമാർ ഗുജറാത്ത് ബാറ്റർമാരെ വരുതിയിലാക്കി. തുടർന്നുള്ള 8 ഓവറിൽ നിന്ന് ഗുജറാത്തിന് നേടാനായത് 60 റൺസ് മാത്രമാണ്. ജോസ് ബട്ട്‌ലർ (16), സ്ഥാനക്കയറ്റം കിട്ടിയ വാഷിംഗ്‌ടൺ സുന്ദർ (2), രാഹുൽതെവാതിയ (0) തുടങ്ങിയവർ പാടെ നിരാശപ്പെടുത്തി. പന്ത് കൈവിട്ട അവസരം ജീവൻ നീട്ടി നൽകിയ റുത‌ർഫോഡ് 19 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു. ലക്‌നൗവിനായി ഷർദുൽ താക്കൂർ, രവി ബിഷ്‌ണോയി എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി.

200 - ട്വന്റി-20യിൽ 200 വിക്കറ്റ് തികച്ച് ഷർദുൽ താക്കൂർ

120- ഈ സീസണിൽ ഓപ്പണിംഗ് വിക്കറ്റിലെ ആദ്യ സെഞ്ച്വറി കൂട്ടുകെട്ട്. ഇരുവരുടേയും അഞ്ചാം സെഞ്ച്വറി കൂട്ടുകെട്ട് കൂടിയാണിത്.