കാട്ടിൽ വന്യമൃഗങ്ങൾ ചാവുന്നു വിശദപരിശോധനക്ക് വനം വകുപ്പ്

Monday 14 April 2025 12:05 AM IST
വന്യമൃഗങ്ങൾ

കോഴിക്കോട്: വേട്ടയെ തുടർന്നും മറ്റും കാട്ടിൽ മൃഗങ്ങൾ ചാവുന്നതിന്റെ വിശദമായ കണക്കെടുപ്പിനൊരുങ്ങി വനം വകുപ്പ്. വന്യമൃഗങ്ങൾ മുറിവേറ്റു ചാവുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ശാസ്ത്രീയ വിശകലനം നടത്തുന്നത്. മഹസറിൽ നിന്നും മറ്റുമുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തി നിലവിലെ കണക്ക് പുതുക്കും.

അടുത്ത കാലത്ത് വയനാട്ടിൽ കൊല്ലപ്പെട്ട കടുവ ഉൾപ്പെടെയുള്ള മൃഗങ്ങളുടെയും കണക്കെടുക്കും. പുതിയ കേസുകളിൽ തത്സമയ വിവര ശേഖരണത്തിന് പുറമെ കേന്ദ്രീകൃത ഡിജിറ്റൽ ഡോക്യുമെന്റേഷനും നടത്തും. മനുഷ്യർക്കൊപ്പം മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനാണ് വൈൽഡ് ആനിമൽ മോർട്ടാലിറ്റി ഓഡിറ്റ് ഫ്രെയിംവർക്ക് (വാമാഫ്) പദ്ധതി നടപ്പാക്കുന്നത്. സോഫ്ട് വെയർ ഉൾപ്പെടെയുള്ളവ തയ്യാറായി. വനത്തിൽ അതിക്രമിച്ചു കയറുന്ന പലരും മൃഗങ്ങളുടെ ജീവഹാനിക്ക് കാരണമാകുന്നുണ്ടെന്നാണ് നിഗമനം. വിറകും വെള്ളവും ശേഖരിക്കാനും പശുവിനെയും ആടിനെയും തീറ്റാനും ഉൾപ്പെടെ വനത്തിൽ പോകുന്നവരുമുണ്ട്. നാട്ടിലിറങ്ങുന്ന പന്നിക്കു വയ്ക്കുന്ന കെണി പലരും കാട്ടിലും സ്ഥാപിക്കുന്നു. ഇതിൽ പുള്ളിപ്പുലി ഉൾപ്പെടെ കുരുങ്ങിച്ചാകുന്നുണ്ട്. വയനാട്ടിൽ ഉൾപ്പെടെ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെ ചാവുന്ന മൃഗങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുക. ചത്തതിന്റെ കാരണം കൃത്യമായി രേഖപ്പെടുത്തും. പലരും വനത്തിൽ അതിക്രമിച്ചു കയറുന്നത് അടുത്ത കാലത്തായി കൂടിയിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കുറ്റവാളികളും ലഹരി സംഘങ്ങളും വരെ കാടിനെ മറയാക്കി പ്രവർത്തിക്കുന്നു.

പോസ്റ്റ് മോർട്ടം വിശദമായി

ആന, കടുവ, പുള്ളിപ്പുലി എന്നിവയുടെ മരണ വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുക. വിദഗ്ദ്ധർ സംഭവ സ്ഥലത്തെത്തി പരിശോധിക്കും. മരണ കാരണമറിയാൻ വിശദമായ പോസ്റ്റ് മോർട്ടം, ഫോറൻസിക് പരിശോധന എന്നിവ നടത്തും. സ്വാഭാവിക, അസ്വാഭാവിക മരണം വ്യക്തമായി തിരിച്ചറിയാനാണിത്. പദ്ധതി എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും നടപ്പാക്കും.

പദ്ധതിയുടെ ഭാഗമായി ഫോറസ്റ്റ് ഓഫീസർമാർ, മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് സമഗ്ര പരിശീലനം അടുത്തയാഴ്ച തുടങ്ങും.

പ്രമോദ് ജി. കൃഷ്ണൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ