മലാപ്പറമ്പ് ജംഗ്ഷനിലെ മൂന്ന് വരിപ്പാത തുറന്നുനൽകി, രാമനാട്ടുകര - വെങ്ങളം റീച്ച് അതിവേഗം

Monday 14 April 2025 12:50 AM IST
ദേ​ശീ​യ​പാ​ത​യി​ൽ​ ​മ​ലാ​പ്പ​റ​മ്പ് ​ജം​ഗ്ഷ​നി​ൽ മൂ​ന്ന് ​വ​രി​പ്പാ​ത​ ​ഗ​താ​ഗ​ത​ത്തി​നാ​യി​ ​തു​റ​ന്നു​ ​ന​ൽ​കി​യ​പ്പോൾ

കോഴിക്കോട്: രാമനാട്ടുകര - വെങ്ങളം ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ ഹെെസ്പീഡിൽ കുതിക്കുകയാണ്.

ഇന്നലെ രാവിലെ മലാപ്പറമ്പ് ഓവർപാസിനടിയിലെ മൂന്ന് വരിപ്പാത ഇന്നലെ ഗതാഗതത്തിനായി തുറന്നുനൽകി. പാച്ചാക്കിൽ ജംഗ്ഷനിലും മലാപ്പറമ്പ് ഓവർപാസിന് സമീപവും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പെെപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് ഇവിടെ റോഡ് നിർമാണം നീണ്ടുപോയത്. മലാപ്പറമ്പ് - വെങ്ങളം ഭാഗത്തെ ആറുവരിപ്പാത കഴിഞ്ഞ ആഴ്ചയാണ് തുറന്നുനൽകിയത്. മലാപ്പറമ്പ് ഒഴികെ എല്ലായിടത്തും ആറുവരി തുറന്നു നൽകിയതോടെ മലാപ്പറമ്പ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. തുടർന്ന് മലാപ്പറമ്പ് ഓവർപാസിന് അടിയിൽ മൂന്നു വരി റോഡ് യുദ്ധകാലാടിസ്ഥനത്തിൽ മണ്ണുമാറ്റി കോൺക്രീറ്റ് ചെയ്തു. റോഡ് ഗതാഗതത്തിനു സൗകര്യം ഒരുക്കുകയായിരുന്നു. വിഷുവിന് ശേഷം മലാപ്പറമ്പ് - ഫ്ലോറിക്കൻ റോഡ് സർവീസ് റോഡിൻ്റെ ജോലികളും ആരംഭിക്കും. ഇതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ഇതുവഴി യാത്രചെയ്യുന്നവരും. കെ.എം.സി കൺസ്ട്രക്ഷൻസിനാണ് രാമനാട്ടുകര - വെങ്ങളം റീച്ചിൻ്റെ നിർമാണ ചുമതല. വെങ്ങളം - രാമനാട്ടുകര റീച്ചിൽ ഇനി പൂർത്തിയാകാനുള്ളത് കോരപ്പുഴയിലെയും അറപ്പുഴയിലെയും പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്നപാലത്തിൻ്റെ പ്രവൃത്തികളാണ്. ഇതിൽ അറപ്പുഴയിലെ നിർമാണ പ്രവ‌ൃത്തികൾ ഏപ്രിൽ 30 നും കോരപ്പുഴയിലേത് മേയ് 26 നും പൂർത്തിയാക്കും.

''ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത് അറപ്പുഴയിലെയും കോരപ്പുഴയിലെയും പ്രവൃത്തികളാണ്. മറ്റിടങ്ങളിലെല്ലാം അവസാനഘട്ട മിനുക്കു പണികളാണ് നടക്കുന്നത്. നിർദിഷ്ട കാലാവധിക്ക് മുൻപായി നിർമാണം പൂർത്തിയാക്കും.

കെ.വിശ്വനാഥൻ, പി.ആർ.ഒ കെ.എം.സി കൺസ്ട്രക്ഷൻസ്