ജീവനക്കാരെ ആക്രമിച്ച് ബസ് തട്ടിയെടുത്തു സഹോദരന്മാർ അറസ്റ്റിൽ

Sunday 13 April 2025 8:55 PM IST

ആലുവ: ജീവനക്കാരെ ആക്രമിച്ച് ബസ് തട്ടിയെടുത്ത് നാശനഷ്ടം വരുത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. എടത്തല കഴിവേലിപ്പടി ചാലിയിൽ വീട്ടിൽ അയൂബ് ഹംസ (30), സഹോദരൻ അൽത്താഫ് ഹംസ (28) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി - പുക്കാട്ടുപടി റൂട്ടിൽ സർവീസ് നടത്തുന്ന നിവേദ്യം ബസിലെ ഡ്രൈവർ സബീർ, ക്ലീനർ ആൽബിൻ എന്നിവരെയാണ് മർദ്ദിച്ചത്. പ്രതികളിൽ അയൂബും ഇതേറൂട്ടിൽ ഓടുന്ന തക്ബീർ ബസിലെ ഡ്രൈവറാണ്. ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പൂക്കാട്ടുപടിയിലെ ഹോട്ടലിന് മുൻവശത്തെ സ്റ്റോപ്പിൽ ബസ് നിറുത്തി യാത്രക്കാരെ ഇറക്കുമ്പോൾ പ്രതികൾ ബസിൽ കയറി ആക്രമിക്കുകയായിരുന്നു. ഷബീറിന്റെ തലക്കാണ് വടി കൊണ്ട് അടിയേറ്റത് .തുടർന്ന് റോഡിലേക്ക് വലിച്ചിട്ടും മർദ്ദിച്ചു. തടയാൻ ശ്രമിച്ച ക്ലീനർ ആൽബിനും മർദ്ദനമേറ്റു.

തുടർന്ന് അൽത്താഫ് ബസ് കിഴക്കമ്പലം റോഡിലുള്ള പെട്രോൾ പമ്പിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ

ബസിന്റെ സൈഡ് ഗ്ലാസും കണ്ണാടിയും ക്യാമറയും നശിപ്പിച്ചു. ബസിന് 65,000 രൂപയുടെ നഷ്ടമുണ്ടായി. അയൂബ് തടിയിട്ടപറമ്പ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളാണ്. വധശ്രമത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഇൻസ്പെക്ടർ കെ. സെനോദ്, എസ്.ഐമാരായ എം.വി. അരുൺദേവ് ,സി.ജെ. കണ്ണദാസ്, സീനിയർ സി.പി.ഒ ഇ.കെ. നസീബ്, സി.പി.ഒ മാരായ എം.എസ്. അഭിലാഷ്, എം.എ. സുബിൻ, ഹാരിസ്, അജിൽ രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.