വിധിയോട് പൊരുതിജയിച്ച പാർവതി കൈയുറപ്പോടെ കളക്ടറേറ്റിലേക്ക്

Monday 14 April 2025 12:00 AM IST
ഐ.എ.എസ് ലഭിച്ച ശേഷം രാജ് ഭവനിൽ നൽകിയ അനുമോദന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പാർവതി , മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം

തിരുവനന്തപുരം: വലതുകൈ നഷ്ടമാക്കിയ വിധിയോട് ഇടതു കൈകൊണ്ട് പൊരുതിജയിച്ച പാർവതി ഗോപകുമാർ വൈകാതെ എറണാകുളം കളക്ടറേറ്റിൽ എത്തും. ഐ.എ.എസ് ഉദ്യോഗത്തിന് തുടക്കം കുറിക്കാൻ. 2024 ബാച്ച് ഐ.എ.എസ് ട്രെയിനികളിൽ കേരള കേഡറിലേക്ക് നിയോഗിച്ചിട്ടുള്ള അഞ്ചു പേരിൽ ഏക മലയാളിയാണ് ആലപ്പുഴ ജില്ലക്കാരിയായ പാർവതി. ഏപ്രിൽ 28 ന് തിരുവനന്തപുരം ഐ.എം.ജിയിൽ പരിശീലനത്തിനായി ജോയിന്റ് ചെയ്യും. അഞ്ചാഴ്ചത്തെ പരിശീലനം പൂർത്തിയാക്കി എറണാകുളത്തേക്ക് പോകും.

പാർവതിക്കു പുറമെ എത്തേദ മുഫാസിർ (കണ്ണൂർ), റവിമീണ(പാലക്കാട്), ശിവശക്തിവേൽ.സി(വയനാട്), സ്വാതിമോഹൻ റാഥോഡ്( തൃശൂർ) എന്നിവരെയാണ് കേരള കേഡറിൽ പരിശീലനത്തിന് നിയോഗിച്ചിട്ടുള്ളത്.

ആലപ്പുഴ കളക്ടറേറ്റിൽ ഡെപ്യൂട്ടി തഹസീൽദാരായ അമ്പലപ്പുഴ ആമ്പാടിയിൽ കെ.എസ്. ഗോപകുമാറിന്റെ മകളാണ് പാർവതി ഗോപകുമാർ.

2010-ൽ അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിൽ വലതു കൈ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നപ്പോൾ കുടംബമാകെ കണ്ണീരിലായി. പക്ഷേ,​ പന്ത്രണ്ടുകാരിയായ പാർവതി പതറിയില്ല. വലതുകൈ നൽകിയിരുന്ന പിന്തുണ ഇടതിലേക്ക് ആവാഹിച്ചു. പാഠഭാഗങ്ങൾക്ക് ചിട്ടയായി പഠിച്ചു. ഒപ്പം വായനയുടെ വിശാല ലോകത്തേക്കു പറന്നു. ബംഗളൂരുവിലെ നാഷണൽ ലാ സ്കൂളിൽ നിയമപഠനം കഴിഞ്ഞാണ് സിവിൽ സർവീസിലേക്ക് നടന്നടുത്തത്. ചില ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മ ശ്രീകലാ എസ്.നായർ അമ്പലപ്പുഴ കാക്കാഴം ഹൈസ്കൂൾ അദ്ധ്യാപികയാണ്. സഹോദരി രേവതി തിരുവനന്തപുരം ഐസറിൽ പഠിക്കുന്നു.