ഉപജീവനത്തിനായി കട വെച്ച് കൊടുത്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ

Monday 14 April 2025 1:49 AM IST
ഗവ.വിക്ടോറിയ ഗേൾസ് എൻ.എസ്.എസ്. യൂണിറ്റ് ' ഉപജീവനം' പദ്ധതിയുടെ ഭാഗമായി കട വെച്ച് കൊടുത്തപ്പോൾ.

ചിറ്റൂർ: ഉപജീവനത്തിനായി കട വെച്ച് കൊടുത്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ. ഗവ. വിക്ടോറിയ ഗേൾസ് എൻ.എസ്.എസ് യൂണിറ്റാണ് 'ഉപജീവനം' എന്ന പദ്ധതിയുടെ ഭാഗമായി കട വെച്ച് കൊടുത്തത്. നാഷണൽ സർവ്വീസ് സ്‌കീമിന്റെ സംസ്ഥാനതല പദ്ധതിയാണ് 'ഉപജീവനം'. അർഹതപ്പെട്ട ഒരു വ്യക്തിക്ക് ജീവിതമാർഗം ഉണ്ടാക്കി കൊടുക്കലാണ് ഇതിന്റെ ലക്ഷ്യം. പദ്ധതി പ്രകാരം സ്‌കൂളിലെ തന്നെ ഒരു പ്ലസ് വൺ വിദ്യാർത്ഥിയുടെ രക്ഷിതാവിനാണ് കട വെച്ച് കൊടുത്തത്. കുട്ടികൾ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവർത്തനങ്ങളിലൂടെ ലഭിച്ച ഫണ്ടിനോടൊപ്പം ചില സുമനസുകളുടെ സഹായം കൂടി സ്വീകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കൊടുവായൂർ പിട്ടുപീടികയിൽ നില്ക്കുന്ന കടയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.രാജൻ നിർവ്വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ടി.ഗിരി, കൊടുവായൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനോജ്, വാർഡ് മെമ്പർമാരായ എ.മുരളി, പി.ശാന്തകുമാരി, ആർ.കുമാരി, അബ്ബാസ്, എൻ.എസ്.എസ് പ്രോഗാം ഓഫീസർ ആർ.സുജിത, അദ്ധ്യാപകരായ കെ.കുമാർ, കെ.സിന്ധു, എ.റഷീദ, സി.ബിന്ദുമോൾ, എൻ.എസ്.എസ് വോളന്റിയർ ആർ.രേഷ്മ തുടങ്ങിയവർ സംസാരിച്ചു.