വന്യജീവികളുടെ വരവറിയാൻ എ.ഐ ക്യാമറ;അലർട്ട് ആപ്പ്

Monday 14 April 2025 12:09 AM IST

തിരുവനന്തപുരം: കാടിറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും വനം വകുപ്പ് എ.ഐ ക്യാമറകൾ സജ്ജമാക്കും. വന്യജീവി സംഘർഷം രൂക്ഷമായ മേഖലകളിലും വനാതിർത്തികളിലും ക്യാമറ സജ്ജമാക്കും. ദൃശ്യങ്ങൾക്ക് അനുസരിച്ച് അലർട്ടുകൾ നൽകുന്നതിനുള്ള മൊബൈൽ ആപ്പ് വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

വനാതിർത്തികളിൽ നിരീക്ഷണത്തിന് ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും മുന്നറിയിപ്പ് സംവിധാനം ഫലപ്രദമായി നടക്കാത്ത സാഹചര്യത്തിലാണ് എ.ഐ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പെരിയാർ ഫൗണ്ടേഷന്റെ സഹായത്തോടെ തേക്കടിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. മൊബൈൽ റേഞ്ചുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലുള്ള എ.ഐ ക്യാമറകളും പ്രോസസറുമാണ് സജ്ജമാക്കുക. ക്യാമറയിൽ നിന്നുള്ള ചിത്രങ്ങൾ ലോറ വൈഡ് ഏരിയ നെറ്റ് വർക്കിലൂടെ സർവറിലെത്തിക്കുകയും മോണിറ്റർ ചെയ്ത് ആപ്പ് മുഖേനെ മുന്നറിയിപ്പ് നൽകാനുമാണ് പദ്ധതി. ഏതെങ്കിലും ഭാഗത്ത് വന്യജീവി അതിക്രമം കൂടുതലായാൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം കൂടുതൽ ശക്തമാക്കും.

വാൽപ്പാറ, ഛത്തീസ്ഗഡ് മോഡൽ

# തമിഴ്നാട്ടിലെ വാൽപ്പാറയിലും ഛത്തീസ്ഗഡിലും വിജയകരമായി നടപ്പാക്കിയ മുന്നറിയിപ്പ് സംവിധാനത്തിന്റെ മാതൃകയാണ് ഇവിടെയും സ്വീകരിക്കുന്നത്. 2012ൽ വാൽപ്പാറിയിലെ രണ്ട് വിദ്യാർത്ഥികൾ സജ്ജമാക്കിയ എസ്.എം.എസ് സംവിധാനം ഇപ്പോൾ എ.ഐ സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന മൊബൈൽ ആപ്പിലൂടെ പ്രദേശത്തെ എല്ലാ ആളുകൾക്കും മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാക്കി മാറ്റിയിട്ടുണ്ട്.

ഇതേരീതിയിലാണ് ഛത്തീസ്ഗ‌ഡിലെ ഐ.എഫ്.എസ് ഓഫീസർ വരുൺ ജെയിൻ തയ്യാറാക്കിയ മുനാഡി എന്ന ആപ്പും പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിലെ പോതന്നൂരിലും കർണാടകയിലെ ഹാസനിലും സമാനമായ മുന്നറിയിപ്പ് സംവിധാനങ്ങളും പ്രവർ‌ത്തിക്കുന്നുണ്ട്.

'വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കെ-ഡിസ്കുമായി ചേർന്ന് വനംവകുപ്പ് ഒരു ഹാക്കത്തോൺ സംഘടിപ്പിച്ചിരുന്നു. 28 സ്റ്റാർട്ട്അപ്പ് സംരംഭകർ പദ്ധതികളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇവ പരിശോധിച്ച് ഉചിതമായത് തിരഞ്ഞെടുക്കും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ടാറ്റ കമ്മ്യൂണിക്കേഷൻസ്, പാലക്കാട് ഐ.ടി.ഐ ലിമിറ്റഡ്, കേരള സ്റ്റാർട്ട്അപ് മിഷൻ, കെ-ഡിസ്ക് എന്നിവരുമായുള്ള ചർച്ചകൾ തുടരുകയാണ്'

:- മനു സത്യൻ,

ഫോറസ്റ്റ് ഏർലി വാണിംഗ് സിസ്റ്റം

മിഷൻ നോഡൽ ഓഫീസർ