വീട് കുത്തിത്തുറന്ന് 32 പവൻ കവർന്നു

Monday 14 April 2025 12:33 AM IST

പന്നിത്തടം (തൃശൂർ): എയ്യാലിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് 32 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കേച്ചേരി അക്കിക്കാവ് ബൈപ്പാസിലെ എയ്യാൽ ചുങ്കം കവലയ്ക്ക് സമീപം ഒറുവിൽ അംജത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നെക്ലസ്, വള, താലി, പാദസരം, തള എന്നിവയാണ് നഷ്ടപ്പെട്ടത്.

മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. കിടപ്പുമുറിയിലാണ് സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. കഞ്ചിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അംജത്ത്. ജോലിസ്ഥലത്താണ് താമസം. ഇയാളുടെ ഭാര്യ ഫാദിയ, മാതാവ് നഫീസ എന്നിവർ ബന്ധുവീട്ടിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ പോയത്. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങൾ വലിച്ചിട്ട നിലയിലാണ്.

കുന്നംകുളം എ.സി.പി സി.ആർ.സന്തോഷ്, എരുമപ്പെട്ടി ഇൻസ്‌പെക്ടർ ജെ.എസ്.അശ്വിനി, എസ്.ഐ കെ.വി.ജോണി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.