അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി, മുൻ ഗവ.പ്ലീഡർ മരിച്ച നിലയിൽ
കൊല്ലം: നിയമസഹായം തേടി എത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയും ഹൈക്കോടതിയിലെ മുൻ സീനിയർ ഗവ.പ്ലീഡറുമായ പി.ജി.മനുവിനെ (55) കൊല്ലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പിറവം മാമലശേരി രാമമംഗലം സ്വദേശിയാണ്. സി.ബി.ഐയുടെയും എൻ.ഐ.എയുടെയും അഭിഭാഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റുമരിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനായ ബി.എ.ആളൂരിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. ഈ കേസിന്റെ ആവശ്യത്തിനായി രണ്ടു മാസം മുൻപ് എടുത്ത വാടക വീട്ടിലാണ് മൃതദേഹം കണ്ടത്. ബാങ്ക് ജീവനക്കാരിയായ ഭാര്യയും രണ്ട് ആൺമക്കളും പിറവത്താണ്.
കേസിന്റെ ആവശ്യത്തിനായി
മൂന്നു ദിവസം മുൻപാണ് കൊല്ലത്തെത്തിയത്. 16ന് തുടർവാദത്തിനു തയ്യാറെടുക്കുകയായിരുന്നു മനു.
രാവിലെ ഫോണിൽ ലഭ്യമാകാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകർ എത്തിയപ്പോഴാണ് എം.മുകേഷ് എം.എൽ.എയുടെ ഓഫീസിനു സമീപത്തുള്ള വാടകവീടിന്റെ മുകളിലത്തെ നിലയിൽ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണുന്നത്. രാവിലെ എട്ടുമണിയോടെ ജൂനിയർ അഭിഭാഷകരെ മനു വിളിച്ചിരുന്നു. മുറി പൂട്ടിയിരുന്നില്ല. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല.
അതിജീവിതയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. കുടുംബത്തോടൊപ്പം മനു ഇവരുടെ വീട്ടിലെത്തി മാപ്പ് പറയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന്റെ മനോവ്യഥയിലാവാം ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു. ഇക്കാര്യവും അന്വേഷിക്കുകയാണെന്ന് കൊല്ലം വെസ്റ്റ് പൊലീസ് എസ്.എച്ച്.ഒ ആർ.ഫയാസ് പറഞ്ഞു.
എ.സി.പി എസ്. ഷെരീഫ് സ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കു മാറ്റി.