കൺസ്യൂമർഫെഡും ഓൺലൈനാകുന്നു, മരുന്നും പലചരക്കും വീട്ടിലെത്തും
കൊച്ചി: കൺസ്യൂമർഫെഡും ഓൺലൈൻ വ്യാപാരത്തിന് സജ്ജമാകുന്നു. മരുന്നുകളും നോൺ സബ്സിഡി സാധനങ്ങളുമാണ് ഓൺലൈൻ ഇടപാടിലൂടെ വീട്ടിലെത്തുക. മൂന്നുമാസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ തുടക്കം കുറിക്കും. വൈകാതെ സംസ്ഥാനത്തെ 179 ത്രിവേണി ഒൗട്ട്‌ലെറ്റുകളിലും ഓൺലൈൻ സംവിധാനം ആരംഭിക്കും. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. 35% വരെ വിലക്കുറവാണ് കൺസ്യൂമർഫെഡിന്റെ സവിശേഷത.
സ്വന്തം ആപ്ലിക്കേഷൻ കൂടാതെ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷൻ വഴിയും സാധനങ്ങൾ എത്തിക്കാനുള്ള പദ്ധതിയുമുണ്ട്. മദ്യവും സബ്സിഡി സാധനങ്ങളും ലഭിക്കില്ല.
കേരഫെഡ് വെളിച്ചെണ്ണ, മിൽമ നെയ്യ്, പലവ്യഞ്ജനം, പുട്ടുപൊടി, നോട്ടുബുക്കുകൾ, ത്രിവേണി ബ്രാൻഡഡ് ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ലഭിക്കും.
മരുന്നും ഓൺലൈനിൽ
കൺസ്യൂമർഫെഡ് നീതി മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്ന മരുന്നുകളും ഓൺലൈനിൽ ലഭിക്കും. ഡോക്ടറുടെ കുറിപ്പടി അപ്‌ലോഡ് ചെയ്യണം. നീതി മെഡിക്കൽ സ്റ്റോറുകളിൽ പ്രതിവർഷം 500 കോടി രൂപയുടെ വില്പനയുണ്ട്. ഓൺലൈൻ ഡെലിവറി തുടങ്ങുമ്പോൾ ഇത് വർദ്ധിക്കും.
നടപടികൾ അവസാനഘട്ടത്തിലാണ്. പദ്ധതി ക്ളിക്കാകുമെന്നാണ് പ്രതീക്ഷ
എം. സലിം,
മാനേജിംഗ് ഡയറക്ടർ,
കൺസ്യൂമർ ഫെഡ്