നിസ്സാരമാക്കല്ലേ മഞ്ഞപ്പിത്തം, രോഗവ്യാപനത്തിലും അധികൃതർക്ക് അലംഭാവം

Sunday 13 April 2025 11:20 PM IST

മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുമ്പോഴും പ്രതിരോധ പ്രവർ‌ത്തനങ്ങളിൽ അലംഭാവം തുടർന്ന് അധികൃതർ. ഒരാഴ്ചയ്ക്കിടെ 100 പേർ മഞ്ഞപ്പിത്തം ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയിട്ടുണ്ട്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും മഞ്ഞപ്പിത്തം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വേനൽ രൂക്ഷമാവും മുമ്പേ മഞ്ഞപ്പിത്തം രോഗികളുടെ എണ്ണം ഉയർന്നത് രോഗവ്യാപനത്തിന്റെ മുന്നറിയിപ്പാണെങ്കിലും തുടർ നടപടികൾ എടുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളോ ആരോഗ്യ വകുപ്പോ മുൻകൈയെടുക്കുന്നില്ല. ഔട്ട് ബ്രേക്ക് ഉണ്ടാവുന്ന സ്ഥലങ്ങളിലെ കിണറുകളിലും ജലസംഭരണികളിലും സൂപ്പർ ക്ലോറിനേഷൻ നടത്തുക മാത്രമാണ് കാര്യമായി നടക്കുന്നത്. ശാസ്ത്രീയമായി എങ്ങനെ ക്ലോറിനേഷൻ നടത്താം എന്ന വിഷയത്തിൽ ജനങ്ങൾക്ക് അവബോധം നൽകാൻ പോലും നീക്കമില്ല. വേനൽ കടുത്തതോടെ കിണറുകളിൽ വെള്ളത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. മലിനജലം, കക്കൂസ് മാലിന്യം എന്നിവ കിണറുകളിലേക്ക് ഊർന്നിറങ്ങാനുള്ള സാഹചര്യം വർദ്ധിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലെ താഴ്ഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് ഇത്തരത്തിൽ രോഗസാദ്ധ്യത കൂടുതൽ.

മലിനമായ ജലസ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പരക്കുന്നത്. എന്നാൽ ഹോട്ടലുകളും ഭക്ഷ്യോത്പന്ന കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധനകൾ രോഗവ്യാപനം ഉണ്ടാവുമ്പോഴും പരാതികൾ ലഭിക്കുമ്പോഴും മാത്രമായി ചുരുങ്ങിയിട്ടുണ്ട്. പരിശോധനയുടെ ഉത്തരവാദിത്വം സംബന്ധിച്ച് ഇരു വകുപ്പുകൾ തമ്മിലുള്ള തർക്കവും അരങ്ങേറുന്നുണ്ട്. ശുദ്ധജല ക്ഷാമത്തിന് പിന്നാലെ ടാങ്കർ ലോറികളെ ആണ് നഗരങ്ങളിലെ ഹോട്ടലുകളും കൂൾഡ്രിംഗ്സ് സ്ഥാപനങ്ങളും പ്രധാനമായും ആശ്രയിക്കുന്നത്. ടാങ്കർ ലോറികളിൽ എത്തിക്കുന്ന കുടിവെള്ളത്തിന്റെ സ്രോതസ് സുരക്ഷിതമെന്ന് ഉറപ്പാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതോടെ രാത്രിയുടെ മറവിൽ ലഭ്യമായ സ്രോതസ്സുകളിൽ നിന്ന് ജലം ശേഖരിക്കുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. ഓഡിറ്റോറിയങ്ങൾ ഉൾപ്പെടെ ഉള്ളവയിലേക്ക് വെള്ളമെത്തിക്കുന്നതും ഇങ്ങനെ തന്നെ. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. കല്യാണ സീസൺ കൂടിയാണ് ഇനി വരാൻ പോവുന്നത്.

ചികിത്സ തേടുന്നവർ കുറവ് മഞ്ഞപ്പിത്തം ബാധിക്കുന്നവരിൽ പലരും ചികിത്സ തേടാൻ മടിക്കുന്നതും ഒറ്റമൂലികൾക്ക് പിറകെ പോവുന്നതും അസുഖം ഗുരുതരമാവുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ തന്നെ ശാസ്ത്രീയമായ ചികിത്സ ഉറപ്പാക്കാനായാൽ രോഗം ഗുരുതരമാവില്ല. പ്രായമായവരിലും കുട്ടികളിലും ഗർഭിണികളിലും രോഗം ഗുരുതരമാവാനുള്ള സാദ്ധ്യത കൂടുതലാണ്.