മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ : സംയുക്ത വിളംബര ഘോഷയാത്ര നാളെ 

Monday 14 April 2025 12:49 AM IST

തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 16 മുതൽ 20വരെ നടക്കുന്ന 16-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ സംയുക്ത വിളംബര ഘോഷയാത്ര നാളെ നടക്കും. തിരുവല്ല യൂണിയനിലെ 6 മേഖലകളായി 48 ശാഖകളുടെ പങ്കാളിത്വത്തോടുകൂടി വിളംബര ഘോഷയാത്രകൾ ആരംഭിക്കും. ദിവ്യജോതി, വിഗ്രഹം, പുണ്യതീർത്ഥം, കൊടി, കൊടിക്കയർ, കൊടിമരം എന്നിവ വഹിച്ചുകൊണ്ട് ഓരോ മേഖലയിൽ നിന്നും തിരുവല്ല ടൗൺ ശാഖയിൽ എത്തിച്ചേരും. വൈകിട്ട് 4ന് സംയുക്ത ഘോഷയാത്രയായി നഗരംചുറ്റി കൺവെൻഷൻ നഗറിൽ സമാപിക്കും. സഹോദരൻ അയ്യപ്പൻ മേഖലയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്ന് ദിവ്യജ്യോതി പ്രയാണം നാളെ രാവിലെ 8ന് ആരംഭിക്കും. മേഖലാ, ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തിരുവല്ല ടൗൺ ശാഖയിൽ എത്തിച്ചേരും. സി.കേശവൻ മേഖലയുടെ നേതൃത്വത്തിൽ നാളെ രാവിലെ 8.30ന് ചെങ്ങന്നൂർ പാറയ്ക്കൽ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് പുണ്യതീർത്ഥം ഏറ്റുവാങ്ങി മേഖലാ, ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തിരുവല്ല ടൗൺ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. ഡോ.പൽപ്പു മേഖലയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30ന് പരുമല ഈസ്റ്റ് ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്ന് തൃക്കൊടി ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തിരുവല്ല ടൗൺ ശാഖാങ്കണത്തിൽ എത്തിച്ചേരും. ആർ.ശങ്കർ മേഖലയിൽ നിന്ന് കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ വിഗ്രഹം നാളെ ഉച്ചയ്ക്ക് 12ന് നെടുമ്പ്രം ഈസ്റ്റ് ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി വിവിധ കേന്ദ്രങ്ങളിലൂടെ തിരുവല്ല ടൗൺ ശാഖാങ്കണത്തിൽ എത്തിച്ചേരും. കുമാരനാശാൻ മേഖലയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 12ന് കോട്ടാങ്ങൽ ശാഖാ ക്ഷേത്രാങ്കണത്തിൽ നിന്ന് മേഖലാ, ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ കൊടിക്കയർ ഏറ്റുവാങ്ങി സ്വീകരണങ്ങൾക്കു ശേഷം തിരുവല്ല ടൗൺ ശാഖാങ്കണത്തിൽ എത്തിച്ചേരും. ടി.കെ.മാധവൻ മേഖലയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് നാളെ

ഉച്ചയ്ക്ക് ഒന്നിന് കൊടിമര ഘോഷയാത്ര ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവല്ല ടൗൺ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.