ആയുധമില്ലാതെ ആർ.ആർ.ടി ; നാട്ടിലിറങ്ങി വന്യജീവികൾ
പത്തനംതിട്ട : നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തിരിച്ചുവിടാൻ പരിശീലനവും സുരക്ഷാ ഉപകരണങ്ങളുമില്ലാതെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി). പരിശീലനം നൽകാനുള്ള മൂന്ന് കോടിയുടെ പദ്ധതിക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ല.
ഉൾക്കാടുകളിൽ നിന്ന് ജനവാസ മേഖലയിലെത്തുന്ന പാമ്പുകൾ അടക്കമുള്ള വന്യ ജീവികളെ കാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത് ആർ.ആർ.ടിയാണ്. മനുഷ്യ - വന്യ ജീവി സംഘർഷങ്ങൾ മിക്കപ്പോഴും ഉണ്ടാകുന്നത് രാത്രിയിലാണ്. മതിയായ വെളിച്ചവും സംവിധാനങ്ങളും ഇല്ലാതെയാണ് ആർ.ആർ.ടി അംഗങ്ങൾ സംഭവ സ്ഥലത്തെത്തുന്നത്. പാമ്പുകൾ അടങ്ങുന്ന ചെറുജീവികളെ പിടിക്കാനുള്ള ചാക്ക്, കൂടുകൾ, ചിലയിടങ്ങളിൽ മങ്കി ഗൺ തുടങ്ങിയവ മാത്രമാണ് ആർ.ആർ.ടിയുടെ പക്കലുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും സംവിധാനങ്ങളില്ല. വനംവകുപ്പിന്റെ വിവിധ ഡിവിഷനുകൾക്ക് കീഴിൽ അച്ചടക്ക നടപടിക്കുവിധേയരാകുന്നവരെ ആർ.ആർ.ടിയിലേക്ക് മാറ്റുന്നത്. ഇത് കാര്യക്ഷമതയെ ബാധിക്കുന്നതായി വനപാലകർക്കിടയിൽ ആക്ഷേപമുണ്ട്.
ഫയലിലുറങ്ങി പദ്ധതി
ആധുനിക സുരക്ഷാ ഉപകരണങ്ങൾ, വനത്തിൽ വാച്ച് ടവർ, ജനവാസ മേഖലയോടു ചേർന്ന് സൗരോർജ വിളക്കുകൾ, ഹൈമാസ്റ്റ് ലൈറ്റ്, തെർമൽ സെൻസർ ഡ്രോണുകൾ, റേഡിയോ കോളറുകൾ, എ.ഐ കാമറ എന്നിവ സ്ഥാപിക്കാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. 110 കോടിയുടെ പദ്ധതി ഫയലിൽ ഉറങ്ങുന്നു.
സംസ്ഥാനത്ത് 28 ആർ.ആർ.ടികൾ
2022 മുതൽ 2025 മാർച്ച് വരെയുള്ള
വന്യമൃഗ ആക്രമണങ്ങളിൽ
മരിച്ചവർ : 230
പരിക്കേറ്റവർ : 4314
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച
പരാതികൾ : 20039