ലെക്‌സസ് ഇന്ത്യക്ക് 19 ശതമാനം വളർച്ച

Tuesday 15 April 2025 12:01 AM IST

കൊച്ചി: ആഡംബര വാഹന നിർമ്മാതാക്കളായ ലെക്‌സസ് ഇന്ത്യ 2024-25 വർഷം 19 ശതമാനം വളർച്ച രേഖപ്പെടുത്തി. 2025 ആദ്യപാദത്തിൽ വിൽപ്പനയിൽ 17 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു. ആഡംബര എസ്.യു.വിയായ എൻ.എക്‌സ് മോഡലാണ് വളർച്ചയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത്.

കഴിഞ്ഞ മാർച്ചിൽ ലെക്‌സസ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന നേടി. 2024 മാർച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രാൻഡ് 61 ശതമാനം വളർച്ച രേഖപ്പെടുത്തി. എൻ.എക്‌സ് മോഡൽ അസാധാരണമായ വളർച്ച കൈവരിച്ചു. എൻ.എക്‌സ്., ആർ.എക്‌സ് മോഡലുകളുടെ സംയോജിത എസ്.യു.വി ശ്രേണി 2024 മാർച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ 63 ശതമാനം വളർച്ച നേടി.

നടപ്പുവർഷത്തിൽ 19 ശതമാനം വളർച്ച നേടിയതും ഉപഭോക്താക്കളുടെ മികച്ച വാങ്ങൽ താത്പര്യവും ‌ഏറെ ആവേശം പകരുന്നുവെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹിക്കാരു ഇക്യുച്ചി പറഞ്ഞു. ആഡംബരവും അസാധാരണമായ ഉപഭോക്തൃ അനുഭവങ്ങളും നൽകാനുള്ള പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലെക്‌സസ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ ലെക്‌സസ് ആഡംബര കെയർ സേവന പാക്കേജിൽ 3 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ, 5 വർഷം അല്ലെങ്കിൽ 1.00,000 കിലോമീറ്റർ, 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ എന്നിവയിൽ ലഭ്യമാകുന്ന കംഫർട്ട്, റിലാക്‌സ്, പ്രീമിയർ ഓപ്ഷനുകൾ ഉൾപ്പെടുന്നതായി കമ്പനി വക്താവ് അറിയിച്ചു.