ജനഹിതം മാനിക്കുന്ന വിധി: മന്ത്രി പി. രാജീവ്
കൊച്ചി: ജനഹിതമാണ് പ്രധാനമെന്ന് തെളിയിക്കുന്ന സുപ്രധാന വിധിയാണ് സുപ്രീം കോടതിയുടേതെന്ന് മന്ത്രി പി. രാജീവ്. നിയമം ഭരണഘടനാസൃതമാണോ എന്ന് വിലയിരുത്താനുള്ള അധികാരം നീതിപീഠത്തിനാണെന്നും ഗവർണർക്കോ രാഷ്ട്രപതിക്കോ അല്ലെന്നും വ്യക്തമാക്കുന്ന വിധി ജനാധിപത്യത്തെ മുൻനിരയിലെത്തിക്കുന്നതാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്നു മാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി സുപ്രീംകോടതി വിധിക്കു പിന്നാലെ ,ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കിയ തമിഴ്‌നാടിന്റെ നടപടി എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ്. സംസ്ഥാന സർക്കാരിന്റെ ഉപദേശവും കേന്ദ്രസർക്കാരിന്റെ താത്പര്യവും തമ്മിൽ ഭിന്നതയുണ്ടായാൽ സംസ്ഥാനത്തിനൊപ്പമാണ് ഗവർണർ നിൽക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറലിസത്തെയും ജനാധിപത്യത്തെയും ഉറപ്പിച്ചുനിറുത്തുന്ന വിധിയാണിത്.