സി.പി.എം -സി.പി.ഐ ഭിന്നത: കരുതലോടെ നേതാക്കൾ

Monday 14 April 2025 12:39 AM IST

തിരുവനന്തപുരം: മാസപ്പടി, പി.എം ശ്രീ വിഷയങ്ങളിൽ തട്ടി സി.പി.എം - സി.പി.ഐ ബന്ധത്തിലുണ്ടായ ഉലച്ചിൽ , നേതാക്കളുടെ പരസ്യ പ്രതികരണത്തിലേക്ക് എത്തിയെങ്കിലും വഷളാകാതെ നോക്കാനുള്ള പരിശ്രമത്തിലാണ് മുതിർന്ന നേതാക്കൾ. രണ്ട വിഷയങ്ങളിലും സി.പി.ഐ യുടെ വ്യത്യസ്ത നിലപാട് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും പ്രതിപക്ഷത്തിന് ആയുധം നൽകാതിരിക്കാൻ മൗനം പാലിക്കുകയാണവർ.സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത ഭാഷയിൽ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചെങ്കിലും ഇതിന്റെ ചുവടു പിടിച്ച് മറ്റു നേതാക്കളാരും പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. .

മാസപ്പടിക്കേസിൽ വീണയെ പ്രതിയാക്കിയതിന് കാരണം രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കുകയും സി.പി.എം സംസ്ഥാന സെക്രട്ടറി ഇതേ നിലപാട് ആവർത്തിക്കുകയും ചെയ്തപ്പോഴാണ് ഈ വാദത്തിന്റെ മുനയൊടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയത്.രണ്ടു കമ്പനികൾ തമ്മിലുള്ള പ്രശ്നം മാത്രമാണിതെന്നായിരുന്നു ബിനോയ് പറഞ്ഞത്. 2022 മുതൽ കേന്ദ്രം നടപ്പാക്കിയ പി.എം ശ്രീ പദ്ധതിയിൽ നിന്നും 3വർഷം മാറിനിന്ന ശേഷം ഇപ്പോൾ ഒപ്പിടാനുള്ള സി.പി.എമ്മിന്റെ താല്പര്യത്തിനെതിരെ സി.പി.ഐ കടുത്ത നിലപാടെടുത്തതും കല്ലുകടിയായി. സ്കൂളുകളിൽ പി.എം ശ്രീയെന്ന ബോർഡ് വച്ച് ബ്രാൻ‌ിംഗ് നടത്തുന്നതിനപ്പുറം കരിക്കുലം പരിഷ്‌കരണം അടക്കം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയാണ് ഈ പദ്ധതിയെന്നാണ് സി.പി.ഐയുടെ വാദം.നേരത്തെ ബ്രൂവറി , എ.ഡി.ജി.പി വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം സി.പി.ഐ യ്‌ക്കുണ്ട്. അതുകൊണ്ടാണ് മാസപ്പടി, പി.എം ശ്രീ വിഷയങ്ങളിൽ തങ്ങളുടെ നിലപാടിൽ നിന്നും മാറേണ്ടതില്ലെന്ന് സി.പി.ഐ ഉറപ്പിച്ചത്.കേരളത്തിന് പുറമെ തമിഴ്‌നാട്,ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും പി.എം ശ്രീയിൽ ഒപ്പിടാതെ മാറി നിൽക്കുന്നുണ്ട്